കൽപ്പറ്റ: നൂറ്റാണ്ടിലെ വലയ സൂര്യഗ്രഹണത്തെ വരവേറ്റ് വയനാട്. ഇന്ന് രാവിലെ 8.05 മുതൽ 11.07 വരെയാണ് ഗ്രഹണം നടന്നത്. കനത്ത മൂടൽ മഞ്ഞ്മൂലം പലയിടത്തും സൂര്യഗ്രഹണം ഭാഗികമായാണ് ദൃശ്യമായത്. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ടോട്ടം റിസോഴ്സ് സെന്റർ, കോഴിക്കോട് റീജിയണൽ സയൻസസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം, ആസ്ട്രോ കേരള, കുടുംബശ്രീ, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, സയയൻസ് ക്ലബുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് വലയ സൂര്യഗ്രഹണം കാണുന്നതിനു പൊതുജനങ്ങൾക്കു സൗകര്യം ഒരുക്കിയത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിലും മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലും സൂര്യഗ്രഹണ മഹാസംഗമം നടത്തി. ഇവിടെ നൂറുകണക്കിനാളുകളാണ് സൂര്യഗ്രഹണം വീക്ഷിക്കുന്നതിനായി എത്തിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ചീങ്ങേരിമലയിൽ സൗകര്യം ഏർപ്പെടുത്തി. കൽപ്പറ്റയിൽ കോഴിക്കോട് പ്ലാനിറ്റോറിയത്തിന്റെ എക്സിബിഷൻ ബസും പ്രൊജക്ഷൻ സ്ക്രീനും സൂര്യഗ്രഹണം വീക്ഷിക്കുന്നതിനായി ഒരുക്കിയിരുന്നു.
ഉണർവ് നാടൻ കലാപഠന കേന്ദ്രവും നേര് നാടക വേദിയും ഗവ.കോളജ് എൻഎസ്എസ് യൂണിറ്റും കലാപരിപാടികൾ അവതരിപ്പിച്ചു. സൗരക്കണ്ണടകൾ ഗ്രൗണ്ടിൽ ലഭ്യമാക്കിയിരുന്നു. മഹാസംഗമം സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. മീനങ്ങാടിയിൽ പ്ലാനിറ്റോറിയത്തിന്റെ നേതൃത്വത്തിൽ പാനൽ പ്രദർശനം സംഘടിപ്പിച്ചു.
മഹാസംഗമം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ സീനിയർ സയന്റിസ്റ്റ് ഡോ.സബ്യസാചി ചാറ്റർജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മഹാസംഗമങ്ങളുടെ സംഘാടനം. ആവശ്യം കഴിഞ്ഞ സൗരക്കണടകളും മറ്റു വീക്ഷണോപാധികളും ഹരിതകർമസേന ശേഖരിച്ചു നീക്കം ചെയ്തു.
ജില്ലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രറി കൗണ്‍സിൽ, ടോട്ടം റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ നാനൂറോളം വോളണ്ടിയർമാർക്കു ശാസ്ത്രാവബോധ ക്ലാസും വീക്ഷണോപാധികളുടെ നിർമാണത്തിൽ പരിശീലനവും നൽകിയിരുന്നു.
ബാലസംഘം ജില്ലാ കമ്മിറ്റി കൽപ്പറ്റ ട്രാഫിക് ജംഗ്ഷനു സമീപം ഗ്രൗണ്ടിൽ 2,000 കുട്ടികൾക്കു ഗ്രഹണം കാണാൻ സൂര്യോത്സവം സംഘടിപ്പിച്ചിരുന്നു. ബാലസംഘം യൂണിറ്റുകളിൽനിന്നു തെരഞ്ഞെടുത്ത കുട്ടികളാണ് സൂര്യോത്സവത്തിനു എത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ബാലസംഘം സഹവാസ ക്യാന്പുകളിൽ ഇന്നലെ രാത്രി ചെലവഴിച്ചാണ് കുട്ടികൾ ഇന്ന് രാവിലെ കൽപ്പറ്റയിൽ എത്തിയത്.