പ്രദീപ് ഗോപി
വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തമായ സിനിമകളുമായി മലയാളത്തിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും നിറസാന്നിധ്യം… ഹ്രസ്വചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചു കൊണ്ട് കാമറയ്ക്കു മുന്നിലേക്ക്…
നായികയായി അരങ്ങേറ്റം കുറിച്ച ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റ പുരസ്കാരം… ഇത് ഇനിയ… ഇനിയ എന്നാല്‍ മധുരം എന്നര്‍ഥം.
മോഡലിംഗ് രംഗത്തു സജീവമായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഇനിയ മിസ് ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
മലയാളത്തില്‍ നിന്ന് ഒട്ടേറെ നായികമാര്‍ തമിഴകത്തെത്തി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തുകയും അവിടെ സ്വന്തമായ ഇരിപ്പിടമുണ്ടാക്കിയ ശേഷം മലയാളത്തിലെത്തി ഇവിടെയും നിറസാന്നിധ്യമാകാനും കഴിഞ്ഞ മലയാളിയായ നടി ഇനിയ മാത്രം.
അടിപൊളി നൃത്തവുമായി അമര്‍ അക്ബര്‍ അന്തോണിയിലെ പ്രേമമെന്നാല്‍ എന്താണ് പെണ്ണേ… മാമാങ്കത്തിലെ ഉണ്ണിനീലിയായി മൂക്കുത്തി മൂക്കുത്തി കണ്ടില്ല… എന്ന വൈറല്‍ ഗാനവുമായും പ്രേക്ഷകരുടെ മുന്നിലെത്തി.
ശ്രുതി സാവന്ത് എന്നായിരുന്നു പേര്. പിന്നീട് സിനിമയിലെത്തിയപ്പോള്‍ ഇനിയ എന്ന പേര് സ്വീകരിച്ചു. ഇനിയ എന്ന തമിഴ് വാക്കിന്റെ അർഥം മധുരം എന്നാണ്. തെന്നിന്ത്യലെ മുഴുവന്‍ പ്രേക്ഷകര്‍ക്കും കാഴ്ചയുടെ മധുരം പകര്‍ന്നു നല്‍കിവരുന്ന ഇനിയയുടെ പുതിയ വിശേഷങ്ങളിലേക്ക്…
* ലോക്ഡൗണ്‍ കാലം
ലോക്ഡൗണ്‍ കാലത്ത് എല്ലാ സിനിമാപ്രവര്ത്തരെയും പോലെ തന്നെ എനിക്കും സിനിമാഷൂട്ടിംഗ് ഒന്നും തന്നെയില്ലായിരുന്നു. ചില ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നു.
രജന നാരായണ്‍കുട്ടിയുടെ അമ്മ നടത്തുന്ന സൃഷ്ടി സ്കൂള്‍ ഓഫ് ഡാന്‍സിലൂടെ ഭരതനാട്യം, കുച്ചിപ്പുടി എന്നിവ ഓണ്‍ലൈന്‍ ക്ലാസിലൂടെ പ്രാക്ടീസ് ചെയ്യുന്നു.
പിന്നെ തിരുവനന്തപുരം ധന്വന്തരി കളരിയുടെ ഓണ്‍ലൈന്‍ ക്ലാസിലും പങ്കെടുക്കുന്നു. ലോക്ഡൗണിനു മുമ്പ് കളരി പഠിക്കാന്‍ പോയിത്തുടങ്ങിയിരുന്നു.
ഇപ്പോള്‍ കളരിയിലെ തിയറി ഒക്കെയാണ് ഓണ്‍ലൈനായി പഠിക്കുന്നത്. ഒപ്പം വീട്ടില്‍ പാചകം ചെയ്യാനും പഠിക്കുന്നു. പിന്നെ കുറെയേറെ സിനിമകളും കാണുന്നു.
* മോഡലിംഗ്
സിനിമയിലേക്കു കടന്നുവരാന്‍ തന്നെ കാരണം മോഡലിംഗായിരുന്നു. 2005-ല്‍ മിസ് ട്രിവാന്‍ഡ്രം ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010-ല്‍ മിനിസ്ക്രീന്‍ മഹാറാണിയുമായി. ബേസിക്കലി ഞാനൊരു നര്‍ത്തകിയാണ്. നൃത്തപഠനത്തിനു ശേഷമാണ് മോഡലിംഗിലേക്കു വന്നത്.
* ഗ്ലാമറസ് വേഷങ്ങള്‍
മോഡലിംഗ് ഫീല്‍ഡില്‍ക്കൂടി നില്ക്കുന്നതു കൊണ്ട് എനിക്ക് ഷോര്ട്സിടാനോ സ്ളീവ്ലെസ് ഡ്രസ് ഇടാനോ മടിയിയൊന്നുമില്ല. അങ്ങനെ ഒരു നാണംകുണുങ്ങി പെണ്‍കുട്ടിയായല്ല, സിറ്റിയിലാണ് വളര്‍ന്നത്.
ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെയൊരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഞാന്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാറുള്ളത്.
എന്റെയൊരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാള്‍ ഒരു കമന്റ് ഇട്ടിരുന്നു. അതീവസുന്ദരിയായി… പുത്തന്‍ രൂപത്തില്‍… ഫുള്‍ ഗ്ലാമര്‍ വേഷത്തില്‍… ആരേയും മയക്കും… ഇനിയ… അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്.
അതേക്കുറിച്ച് അഭിപ്രായം അറിയാന്‍ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാന്‍ ചോദിച്ചതാണ് ഈ പ്രായത്തിലല്ലെങ്കില്‍ 60 വയസില്‍ ഗ്ലാമര്‍ കാണിച്ചാല്‍ ആരെങ്കിലും കാണുമോ എന്ന്. സൗന്ദര്യം എന്നു പറയുന്നത് അത് ആസ്വദിക്കാനും കാണാനും പ്രദര്ശിപ്പിക്കാനുമുള്ളതാണ്.
യംഗ് ഏജില് നല്ല എനരജറ്റിക്കായി ഇരിക്കുമ്പോഴാണ് നമ്മള് നന്നായി ജ്വലിക്കുന്ന സമയം, അല്ലെങ്കില്‍ ഷൈന്‍ ചെയ്യുന്ന സമയം. ആ സമയത്ത് വേണ്ടേ ഗ്ലാമറസാകാന്‍.
* സിനിമയില്‍ മോശം അനുഭവം
തീര്‍ച്ചയായും, വളരെയധികം ധൈര്യമുള്ളയാളാണ് ഞാന്‍. ബാലതാരമായി സിനിമയിലേക്കു വന്നയാളാണ് ഞാന്‍. പത്തു വര്‍ഷമായി ഈ രംഗത്തു വന്നിട്ട്.
തമിഴ്, മലയാളം, കന്നട എന്നീ മൂന്നു ഭാഷകളിലായി 32 സിനിമകള്‍ പൂര്‍ത്തിയാക്കി. എന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എല്ലാ സെറ്റുകളിലും എന്റേതായ ഒരു സ്റ്റൈല്‍ കാത്തുസൂക്ഷിച്ചാണ് ഞാന്‍ നില്‍ക്കുന്നത്.
പിന്നെ എന്റ ഇടവും വലവും നില്ക്കാന് എപ്പോഴും എന്റെ അച്ഛനും അമ്മയുമുണ്ട്, ശരിയേതാണ് തെറ്റേതാണ് എന്നു പറഞ്ഞുതരാന്‍.
ഓരോ സിനിമകള്‍ വരുമ്പോഴും വീട്ടില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അവരുടെ ഗൈഡന്‍സ് കറക്ട് ആയതുകൊണ്ടാവണം ഞാന്‍ സുരക്ഷിതയാണെന്ന് എനിക്കു തോന്നുന്നതും മോശം കാര്യങ്ങളൊന്നും സംഭവിക്കാത്തതും.
* മലയാളസിനിമയിലെ കോക്കസ്
സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും പ്ലസസും മൈനസും ഉണ്ട്. മലയാള സിനിമയലും അതുണ്ട്. ഞാന്‍ തമിഴില്‍ ഒക്കെ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് പലരും ചോദിച്ചിട്ടുണ്ട്, മലയാളത്തിലെ ചില ആര്‍ട്ടിസ്റ്റുകളുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ല, അവരെ എങ്ങനെയാണ് കണക്ട് ചെയ്യുക എന്നൊക്കെ.
അവര്‍ എന്നോടു പറഞ്ഞിട്ടുണ്ട് ഇന്നയാള് പറഞ്ഞാലല്ലേ ഇന്ന ആര്‍ട്ടിസ്റ്റ് കേള്‍ക്കൂ, അതുകൊണ്ട് അവരുടെ നമ്പര്‍ കിട്ടിയാലല്ലേ ആ ആര്‍ട്ടിസ്റ്റിനെ കണക്ട് ചെയ്യാന്‍ പറ്റൂ എന്നും.
ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാന്‍ വളരെ വൈകിയാണ് അറിയുന്നത്. മലയാളത്തില്‍ ഒരു ഗ്രൂപ്പിസം നടക്കുന്നതായി വേറൊരു ഭാഷയില്‍ നിന്ന ആ സമയത്താണ് എനിക്കു മനസിലായത്. ചില ആള്ക്കാര് അവര്‍ക്കു പ്രിയപ്പെട്ടവരെ മാത്രമേ സിനിമയിലേക്ക് എടുക്കുകയുള്ളു. അല്ലെങ്കില്‍ ചിലര്‍ റെക്കമെന്റ് നടത്തിയാല്‍ മാത്രമേ അവരെ അടുത്ത പടത്തിലേക്കു കാസ്റ്റ് ചെയ്യുകയുള്ളു എന്നതാണ് സ്ഥിതി.
* വൈറലാകുന്ന ഫോട്ടോഷൂട്ട്
അവസരങ്ങള്‍ കുറയുമ്പോഴാണ് നടിമാര്‍ വെറൈറ്റി ഫോട്ടോഷൂട്ട് നടത്തുന്നത് എന്നൊക്കെ വെറുതെ പറയുന്നതാണ്. ഞാനൊരിക്കലും വെറുതെ ഇരുന്നിട്ടില്ല.
എന്തെങ്കിലും കാര്യങ്ങളിലൊക്ക ഞാന്‍ എപ്പോഴും ആക്ടീവായിരുന്നു. പിന്നെ ഞാന്‍ മോഡലിംഗ് ഫീല്‍ഡില്‍ കൂടി നില്ക്കുന്നതു കൊണ്ട് എല്ലാ മൂന്നു മാസം അല്ലെങ്കില്‍ ആറു മാസം കൂടുമ്പോള്‍ എനിക്കൊരു പ്രമോഷണല്‍ ഫോട്ടോ ഷൂട്ട് ഉണ്ടാകും.
അതൊരു ഡിസൈനറുടെ ഫോട്ടോ ഷൂട്ട് ആയിരിക്കാം. അല്ലെങ്കില്‍ ഒരു ജ്വല്ലറിയുടെയോ പുതിയ കോസ്റ്റിയൂമിന്റെയോ ഒക്കെ ആയിരിക്കും. ഞാന്‍ ചെയ്ത ഫോട്ടോ ഷൂട്ടുകള്ക്കെല്ലാം ഒരു കണ്‍സെപ്റ്റ് ഉണ്ടാകും. വെറുതെ നേരമ്പോക്കിനു വേണ്ടി ചെയ്യുന്നതല്ല.
ഓരോ ഫോട്ടോഷൂട്ടിനും അതിന്റേതായ തയാറെടുപ്പുകള്‍ നടത്തി മാത്രമാണ് ചെയ്യുന്നത്. ഒത്തിരി റഫറന്‍സും ഉണ്ടാകും.
എന്നെ സമീപിക്കുന്ന ഫോട്ടോഗ്രാഫര്‍മാരും ഡിസൈനര്‍മാരും പ്രൊഡക്ടിന്റെ ഓണര്‍മാരും ഇനിയയെ വച്ച് ഫോട്ടോഷൂട്ട് ചെയ്താല്‍ ആ പ്രമോഷന് ആക്ടിവിറ്റി നന്നായിരിക്കും എന്നു പറയാറുണ്ട്.
അങ്ങനെ നല്ല ഫോട്ടോഷൂട്ടിന്റെ ഭാഗമാകുമ്പോള്‍ എനിക്കു നല്ല ഫോട്ടോകളും കിട്ടാറുണ്ട്. ഒരോ ആറു മാസം കൂടുമ്പോഴും ലുക്കിലും ഹെയര്‍ സ്റ്റൈലിലും മാറ്റം വരുത്താറുണ്ട്.
ഒരു ആര്‍ട്ടിസ്റ്റ് അപ്ഡേറ്റഡ് ആയിരിക്കുക എന്നതായിരിക്കണം ഏറ്റവും പ്രധാനം. അതിനു വേണ്ടി നല്ല ചിത്രങ്ങള്‍ കൊണ്ടു പബ്ലിസിറ്റി ചെയ്യാറുണ്ട്.