എടക്കര: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു കൂടെ കൂട്ടി സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ യുവാവ് ഒൻപത് വർഷത്തിനു ശേഷം പോലീസിന്റെ പിടിയിലായി.
തൃശൂർ വടക്കാഞ്ചേരി പാർലിക്കോട് സ്വദേശി കൊട്ടിലിങ്ങൽ റഷീദിനെയാണ് (40) എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.
2012 ൽ എടക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി ആറ്റൂരിലുള്ള സോഫാ നിർമാണ കന്പനിയിൽ വച്ച് ബുധനാഴ്ച രാത്രി ഇയാളെ പിടികൂടിയത്.
മൊബൈൽ വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ഉൗട്ടി, മൈസൂരു എന്നിവിടങ്ങളിൽ കൊണ്ടുപോയി യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ട ശേഷം മുങ്ങുകയും ചെയ്തുവെന്നായിരുന്നു കേസ്.
ഒളിവിലായ പ്രതിക്കെതിരെ 2016 ൽ നിലന്പൂർ കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പിടികിട്ടാപ്പുള്ളിയായ പ്രതി 2021 ൽ കൊണ്ടോട്ടിയിൽ മറ്റൊരു യുവതിയെ പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് മൂന്നുമാസം മുന്പാണ് കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയത്.
വർഷങ്ങളോളം നാടുവിട്ടു കഴിഞ്ഞ പ്രതിയെ കുറിച്ച് 11 വർഷമായി വീട്ടുകാർക്കും യാതൊരു വിവരവുമില്ലായിരുന്നു.
ജില്ല പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നിലന്പൂർ ഡിവൈഎസ്പി സജു കെ.ഏബ്രാഹാമിന്റെ നേതൃത്വത്തിൽ എടക്കര ഇൻസ്പെക്ടർ പി.എസ്.മഞ്ജിത് ലാൽ,
സ്പെഷൽ ടീം അംഗങ്ങളായ എസ്ഐ എം. അസൈനാർ, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, നിബിൻദാസ്, ആസിഫലി എന്നിവരടങ്ങിയ അന്വേഷണ സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നിലന്പുർ കോടതി റിമാൻഡ് ചെയ്തു.