തൊടുപുഴ: നഗരത്തിൽ അലഞ്ഞു നടക്കുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു.
പട്ടാന്പി കുമരനല്ലൂർ മാവറ മോഹനൻ നായരുടെ (63) ഇടത് കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ആക്രമിച്ച സെലീനക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെയാണ് മോഹനൻ നായർക്ക് നേരെ ആക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി 10.15 ഓടെ ഇവിടെയെത്തി സെലീന അസഭ്യം പറഞ്ഞത് മോഹഹൻ നായർ ചോദ്യം ചെയ്തു. അപ്പോൾ കൈയിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സെലീന മോഹനൻ നായരെ വെട്ടുകയായിരുന്നു.
സമീപത്തായി കടത്തിണ്ണയിൽ കിടക്കുകയായിരുന്ന രണ്ട് പേർക്ക് നേരേയും സെലീന ആയുധം വീശിയെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയവരാണ് പോലീസിൽ വിവരമറിയിച്ചത്.
പോലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അക്രമമുണ്ടാക്കിയ സ്ത്രീ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. ഇവർ പലരേയും ആക്രമിച്ചിട്ടുണ്ട്. ഇതിനു പുറമെ തൊടുപുഴ ഫയർസ്റ്റേഷനു സമീപം യുവാവ് സ്ത്രീയെ ആക്രമിച്ചു.
മണക്കാട് സ്വദേശിയായ ആളാണ് ആക്രമണം നടത്തിയത്. ഇയാളും ലഹരിക്കടിമയാണെന്ന് പറയപ്പെടുന്നു. അടിക്കടി നഗരത്തിൽ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.