ബെയ്റൂട്ട്: പേജർ ആക്രമണത്തിനു പിറ്റേന്ന് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങൾ. ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു. മരിച്ചവരുടെ എണ്ണം 20 ആയി. നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു.
കാറുകളിലും വീടുകളിലുമാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. സംസ്കാരച്ചടങ്ങിലും സ്ഫോടനമുണ്ടായി. തലസ്ഥാനമായ ബെയ്റൂട്ടിൽ ഒട്ടേറെ സ്ഫോടനങ്ങളുണ്ടാവുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഹിസ്ബുള്ള ഭീകരരുടെ 3000ത്തോളം പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ 12 പേർ മരിച്ചിരുന്നു. ആശുപത്രികളിൽ 2750 പേർ ചികിത്സയിലുണ്ട്. രണ്ടു ദിവസത്തെ ആക്രമണത്തിൽ ഹിസ്ബുള്ളകളുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ലബനീസ് ജനത ഫോണുകൾ അടക്കം ഉപയോഗിക്കാൻ ഭയക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊസാദ് ഏജന്റുമാർ മുൻകൂട്ടി പേജറുകളിലും വാക്കി ടോക്കികളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നു.