കറുത്തവര്‍ഗക്കാരനായ കുട്ടി മോശമായി സ്പര്‍ശിച്ചു എന്നാരോപിച്ച്, ബഹളം വച്ച് യുവതി! സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സത്യാവസ്ഥ വെളിപ്പെട്ടതോടെ മാപ്പ് പറഞ്ഞ് മുങ്ങി; കറുത്തവര്‍ഗക്കാരെ നിരന്തരം മോശക്കാരാക്കുന്നതിനെതിരെ വന്‍ പ്രതിഷേധം

കാലം ഇത്രയധികം പുരോഗമിച്ചിട്ടും വര്‍ണവെറി പോലുള്ള കൊള്ളരുതായ്മകള്‍ക്ക് ഇനിയും അവസാനമായിട്ടില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കറുത്ത വര്‍ഗക്കാരനായ ഒരു കുട്ടി അനാവശ്യമായി തന്റെ ദേഹത്ത് സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് വെളുത്ത വര്‍ഗക്കാരിയായ സ്ത്രീ കാട്ടിക്കൂട്ടിയ പരാക്രമങ്ങളാണ് വീഡിയോ അടക്കം പ്രചരിക്കുകയും വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് സൗത്ത് കരോലീനയിലെ അല്‍ബമാറലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ്
നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പത്ത് വയസിനടുത്ത് പ്രായമുള്ള കറുത്ത വര്‍ഗക്കാരനായ ആണ്‍കുട്ടി തന്റെ പിന്നില്‍ അനാവശ്യമായി സ്പര്‍ശിച്ചു എന്നാരോപിച്ച്, തെരേസ ക്ലേയ്ന്‍ എന്ന യുവതി ബഹളം വയ്ക്കുകയായിരുന്നു. ഉടനടി ഇവര്‍ പോലീസിനെ വിളിക്കുകയും ചെയ്തു.

ഇവരുടെ പൊട്ടിത്തെറി കണ്ട് കുറ്റാരോപിതനായ കുട്ടിയും കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയും പേടിച്ച് കരയാനും തുടങ്ങി. കുട്ടികളോടൊപ്പം അവരുടെ അമ്മയുമുണ്ടായിരുന്നു. കുട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അമ്മ ആവര്‍ത്തിച്ചപ്പോള്‍, അവര്‍ തന്നെ അസഭ്യം പറയുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. സമീപത്തുണ്ടായിരുന്നവരും ബഹളം കേട്ടെത്തിയവരും യുവതിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അടങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല.

ഏറെ സമയങ്ങള്‍ക്കുശേഷം ആളുകളുടെ അഭ്യര്‍ത്ഥന പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്. യുവതിയും കുട്ടിയും പരസ്പരം പുറം തിരിഞ്ഞാണ് നിന്നിരുന്നത്. യുവതി കൗണ്ടറിനുനേരെ ആഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ കൂട്ടിമുട്ടിയതിനെയാണ് കുട്ടി മോശമായി സ്പര്‍ശിച്ചതായി യുവതി ആരോപിച്ചത്. ഇതോടെ അവര്‍ മാപ്പ് പറഞ്ഞ് തടിതപ്പുകയും ചെയ്തു.

ഇതിനെല്ലാം സാക്ഷിയായ ഒരു യുവതി വീഡിയോ അടക്കം ഫേസ്ബുക്കില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവം വിവാദമായത്. വലിയ പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്.

Related posts