ജയ്പുർ: ഇൻഷ്വറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ.
ക്വട്ടേഷൻ സംഘാംഗങ്ങളും അറസ്റ്റിലായി. രാജസ്ഥാന് ജയ്പുര്‍ സ്വദേശിയായ ശാലുദേവി (32), ബന്ധുവായ രാജു (36) എന്നിവരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് തെളിഞ്ഞത്.
ശാലു ദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിംഗ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ അഞ്ചിന് ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ചു മരിക്കുകയായിരുന്നു.
അപകടമരണമാണെന്നാണ് ആദ്യം കരുതിയത്. സംശമമുയർന്നതോടെ അന്വേഷണമായി.
ഒടുവിൽ ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇൻഷ്വറന്‍സ് തുകയ്ക്ക് വേണ്ടി മഹേഷ് വാടകകൊലയാളിയെ ഉപയോഗിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇതെന്ന് തെളിയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടം ആസൂത്രിതമാണെന്നു പോലീസ് കണ്ടെത്തിയത്.
ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ വിവരങ്ങളടക്കം കൈമാറിയത് മഹേഷ് തന്നെയായിരുന്നു.
വാടകക്കൊലയാളിയായ മുകേഷ് സിംഗിന് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊലപാതകം നടത്തിയത്. അഞ്ചരലക്ഷം രൂപ മുൻകൂറായി നല്‍കിയെന്നും കണ്ടെത്തി.
2017 മുതൽ ശാലുദേവിയും ഭർത്താവും തമ്മിൽ കലഹമായിരുന്നു. 2019ൽ ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിന് ശാലുദേവി പരാതി നൽകിയിരുന്നു. അടുത്തിടെയാണ് മഹേഷ് വീണ്ടും ഭാര്യയുമായി അടുത്തത്.