സിദ്ധി: 22 ഫീമെയ്ല്‍ കോട്ടയം എന്ന സിനിമ മലയാളം പ്രേക്ഷകര്‍ മറക്കാനിടയില്ല. തന്നെ ചതിച്ച കാമുകന്റെ ലിംഗഛേദം നടത്തുന്ന പെണ്‍കുട്ടിയായിരുന്നു ആ ചിത്രത്തിലെ നായിക. സിനിമയിലെ രംഗങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ രാജ്യത്തെ പലഭാഗങ്ങളിലും നടക്കുകയും ചെയ്തു. ഏറ്റവും പുതിയതായി മധ്യപ്രദേശിലെ സിദ്ധിയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്.
മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ തന്റെ 23കാരനായ കാമുകന്റെ ലിംഗമാണ് യുവതി ഛേദിച്ചത്. 21കാരിയായ യുവതി അരിവാളുപയോഗിച്ചാണ് തന്റെ കാമുകന്റെ പുരുഷത്വം അരിഞ്ഞു വീഴ്ത്തിയത്. പെണ്‍കുട്ടിയും അക്രമത്തിനിരയായ യുവാവും നൗഗാവാന്‍ ഗ്രാമത്തിലെ താമസക്കാരാണ്. കോട്വാലി പോലീസ് പെണ്‍കുട്ടിയെ അറസ്റ്റു ചെയ്തു. ജനുവരി 23ന് രാത്രിയിലായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു.
”ഈ യുവാവുമായി യുവതി പ്രേമം തുടങ്ങുന്നത് മൂന്നാലുവര്‍ഷം മുമ്പാണ്. എന്നാല്‍ അതേ ഗ്രാമത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നു”. കോട്വാലി പോ ലീസ് സ്റ്റേഷന്റെ ചുമതലയുള്ള അനില്‍ ഉപാധ്യായ പറയുന്നു.പെണ്‍കുട്ടി ജനുവരി 23ന് രാത്രിയില്‍ യുവാവിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അരിവാളുപയോഗിച്ച് ലിംഗഛേദം നടത്തുകയുമായിരുന്നെന്ന് ഉപാധ്യായ കൂട്ടിച്ചേര്‍ത്തു.പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പോലീസ് യുവാവിന്റെ ഛേദിക്കപ്പെട്ട ലിംഗം കണ്ടെത്തി.
ലിംഗഛേദം നടന്ന ഉടന്‍തന്നെ അവിടെ നിന്നും ഇറങ്ങിയോടിയ യുവാവ് സ്വന്തം വീട്ടിലെത്തിച്ചേര്‍ന്നു. കുറച്ചു സമയം ഇത് മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ചെങ്കിലും രക്തത്തിന്റെ ഒഴുക്കു നിലയ്ക്കാഞ്ഞതിനാല് വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ സിദ്ധി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ രേവയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.എന്നാല്‍ രേവയിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇയാളെ ജബല്‍പൂരിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ 3-4 വര്‍ഷമായി തങ്ങള്‍ പ്രേമത്തിലായിരുന്നെന്നും ക്ഷേത്രത്തില്‍ വച്ച് തങ്ങള്‍ വിവാഹിതരായെന്നും യുവതി പോലീസിനോടു പറഞ്ഞു. തങ്ങള്‍ രണ്ടു വ്യത്യസ്ഥ ജാതിയില്‍ പെട്ടവരായിരുന്നതിനാല്‍ കാമുകന്റെ കുടുംബാംഗങ്ങള്‍ തങ്ങളുടെ ബന്ധം അംഗീകരിച്ചില്ലെന്നും യുവതി പറഞ്ഞു. അതേത്തുടര്‍ന്നാണ് അവര്‍ അവരുടെ ജാതിയില്തന്നെയുള്ള പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചതെന്നും യുവതി പോലീസിനോടു പറഞ്ഞു. കഴിഞ്ഞ ഏതാനും മാസമായ മുംബൈയില്‍ ജോലി ചെയ്തുവരുന്ന യുവാവ് പത്തു ദിവസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. യുവാവിന്റെ നില ഗുരുതരമല്ലെന്നാണ് കേള്‍വി.