അത്യാവശ്യഘട്ടങ്ങളിലാണ് സാധാരണ പൊതുജനങ്ങൾ സഹായത്തിനായി പോലീസിനെ വിളിക്കാറുള്ളത്. എന്നാൽ ഇത് ദുരുപയോഗം ചെയ്ത യുകെയിൽ നിന്നുള്ള ഒരു സ്ത്രീ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2000 തവണയാണ് ഇവർ പോലീസിന്റെ എമർജൻസി നമ്പറായ 999 ലേക്ക് വിളിച്ചത്. 17 വ്യത്യസ്ത നമ്പറിൽ നിന്നാണ് ഇവർ പോലീസിനെ നിരന്തരം വിളിച്ചിരുന്നത്.
2000 കോളുകളിൽ കഴിഞ്ഞ വർഷം മാത്രം വിളിച്ചത് 1,994 കോളുകൾ ആണ്. സംഭവത്തെ തുടർന്ന് ഗ്രേറ്റർ ലണ്ടനിലെ ഹാരോയിൽ നിന്നുള്ള സോണിയ നിക്സണ് തടവിന് ശിക്ഷ ലഭിച്ചിരിക്കുകയാണ്. അഞ്ച് മാസത്തേക്ക് ഇവരുടെ കോളുകൾ കൊണ്ടുമാത്രം £4500 (4,63,043.98) ന്റെ നഷ്ടം പോലീസിനുണ്ടായി എന്നാണ് പറയുന്നത്.
നിർത്താതെയുള്ള ഇവരുടെ ഫോൺവിളികൾ കാരണം സഹായം ആവശ്യമുള്ളവരെ പോലും സഹായിക്കാൻ പോലീസിന് സാധിച്ചില്ല. ഒരു തവണ അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു ചോദിച്ചത് ‘എന്റെ ഭക്ഷണം എവിടെ’ എന്നാണ്. മറ്റൊരിക്കൽ വിളിച്ചു ചോദിച്ചത് ‘വർക്ക് ആൻഡ് പെൻഷൻ ഡിപാർട്മെന്റിന്റെ നമ്പർ എത്രയാണ്’ എന്നാണ്. പിന്നൊരു ദിവസം ആവർത്തിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ‘ഞാൻ പറഞ്ഞ സാധനമെവിടെ’ എന്നും ചോദിച്ച് ബഹളമുണ്ടാക്കി എന്നും പോലീസ് പറയുന്നു.
ഒടുവിൽ പോലീസ് ഓഫീസർ ഇവർ വിളിച്ച സമയത്ത് ആ സമയത്ത് ശാന്തമായി സംസാരിച്ച് അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇവർ ജനുവരി 10ന് ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു ഉദ്യോഗസ്ഥനെ വർഗീയമായി അധിക്ഷേപിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. ഇവർക്കുമേലുള്ള കുറ്റം കഴിഞ്ഞ മാസമാണ് തെളിഞ്ഞത്. കുറ്റം തെളിഞ്ഞതിന് പിന്നാലെ ഇവരെ 22 ആഴ്ചത്തെ തടവിന് ശിക്ഷിച്ചു.