സന്മനസുള്ളവർക്ക് സമാധാനം സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം…’ എന്ന പാട്ട് പുതുതലമുറക്കാർക്കും ഏറെ പരിചയമുള്ളതാണ്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് പരാതി പറയാൻ ചെന്ന കാർത്തികയോട് ശ്രീനിവാസൻ അവതരിപ്പിച്ച എസ്ഐ പ്രണയാഭ്യർഥന നടത്തി ആടിപ്പാടുന്ന രംഗങ്ങൾ ജനറേഷൻ ഗാപ്പില്ലാതെ എല്ലാവരെയും ചിരിപ്പിക്കുന്നതാണ്.
എന്നാൽ, ഈ 2024ൽ ചെറിയൊരു കാര്യത്തിന് പോലീസ് സ്റ്റേഷനിൽ പോകേണ്ടിവന്നപ്പോൾ ഇതുപോലൊരു കഥയിൽ നേരിട്ടഭിനയിക്കേണ്ടിവരുമെന്ന് കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തിൽനിന്നുള്ള യുവതിയായ കൃഷി ഓഫീസർ ഒരിക്കലും കരുതിയിരുന്നില്ല.
അടുത്തുള്ള നഗരത്തിലെ പോലീസ് സ്റ്റേഷനിലാണ് പോയത്. കാഴ്ചയിൽ കൊച്ചു പെൺകുട്ടിയാണെങ്കിലും കൃഷി ഓഫീസറാണെന്നറിഞ്ഞതോടെ എസ്ഐ നല്ല പരിഗണന നല്കി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതാണ്. പ്രശ്നങ്ങൾക്കെല്ലാം എളുപ്പത്തിൽ പരിഹാരമുണ്ടാക്കാമെന്നും ഉറപ്പുനല്കി. തുടർന്നുള്ള ആവശ്യങ്ങൾക്കായി മൊബൈൽ നമ്പർ സേവ് ചെയ്തപ്പോഴും അതിനെ ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ ഭാഗമായി മാത്രമേ കൃഷി ഓഫീസർ കണ്ടിരുന്നുള്ളൂ.
പക്ഷേ, അടുത്തദിവസം മുതൽ ഗുഡ്മോർണിംഗും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെയായി വാട്സാപ്പിൽ മെസേജുകളും വന്നുതുടങ്ങി. അതൊക്കെ എസ്ഐക്ക് തന്നോടുള്ള ഉത്തരവാദിത്വത്തിന്റെയും പരിഗണനയുടെയുമൊക്കെ ഭാഗമായിരിക്കുമെന്ന് ആദ്യമൊക്കെ കരുതി. ജനമൈത്രി പോലീസിന്റെ കാലമല്ലേ, ചിലപ്പോൾ പരാതിക്കാർക്കൊക്കെ എസ്ഐ ഗുഡ്മോർണിംഗ് മെസേജ് അയയ്ക്കാറുണ്ടാകുമെന്നും കരുതി.
പിന്നെപ്പിന്നെ വ്യക്തിപരമായ ചെറിയ ചെറിയ കാര്യങ്ങളിലേക്ക് മെസേജുകൾ വഴിമാറി. ഒരു സൗഹൃദമുണ്ടായിരിക്കുന്നത് നല്ലതല്ലേയെന്നു കരുതി ആദ്യമൊക്കെ മറുപടി നല്കി. അതോടെ എസ്ഐയുടെ വഴി പിന്നെയും മാറിത്തുടങ്ങി. ഒരുപ്രായം കഴിഞ്ഞശേഷം മാത്രം വാട്സാപ്പിന്റെയും സോഷ്യൽ മീഡിയയുടേയുമൊക്കെ അപാരസാധ്യതകൾ മനസിലാക്കിയ എസ്ഐയും ജനിച്ചനാൾതൊട്ട് ഇതെല്ലാം കണ്ടുവളർന്ന കൃഷി ഓഫീസറും തമ്മിലുള്ള ജനറേഷൻ ഗ്യാപ് എസ്ഐയുടെ തലയിൽ കയറിയില്ല. ആവശ്യത്തിലേറെ സൈബർ തെളിവുകൾ എസ്ഐ തന്നെ ഉണ്ടാക്കിക്കൊടുത്തതോടെ കൃഷി ഓഫീസർ മൊബൈലുമായിനേരേ ജില്ലാ പോലീസ് മേധാവിയെ ചെന്നുകണ്ടു.
പരാതിക്കാരിയായ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് എസ്ഐ അയച്ച മെസേജുകളുടെ സ്വഭാവം കണ്ട് വനിതാ എസ്പി തലയിൽ കൈവച്ചു. കൃഷി ഓഫീസർ പട്ടികവിഭാഗത്തിൽപ്പെടുന്ന ആളായതുകൊണ്ട് അതിന്റെ പേരിലും കേസെടുക്കാൻ വഴിയായി. എസ്ഐയെ കൈയോടെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. അപ്പോഴേക്കും പോലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ടു. അത്ര കടുത്ത ശിക്ഷ വേണ്ടെന്നും ഇനി ഒരു പരാതിക്കാരിയെയും നേരിൽ കാണാനാവാത്ത വിധത്തിൽ എങ്ങോട്ടെങ്കിലും മാറ്റിയാൽ മതിയെന്നും അഭ്യർഥിച്ചു. അതോടെ എസ്ഐയെ നേരേ എആർ ക്യാമ്പിലേക്കു മാറ്റി.
സ്റ്റേഷനിലെത്തുന്ന പരാതികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു വിഭാഗത്തോട് പണം വാങ്ങി അവർക്കനുകൂലമായി കാര്യങ്ങൾ ചെയ്തുകൊടുത്തതായ പരാതിയും നേരത്തേ ഇദ്ദേഹത്തിനെതിരേ ഉയർന്നിരുന്നു.