ഇൻഡോർ: സംസ്കാര ചടങ്ങുകൾ നടത്താൻ പണമില്ലാത്തതിനെ തുടർന്ന് പങ്കാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
മൂന്ന് ദിവസം വീട്ടിൽ വീട്ടിൽ സൂക്ഷിച്ചതിന് ശേഷമാണ് 57കാരിയുടെ മൃതദേഹം റോഡിൽ തള്ളിയത്. എന്നാൽ സ്ത്രീയുടേത് സ്വഭാവിക മരണമായിരുന്നെന്നും മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇവർക്ക് കരൾ സംബന്ധമായ രോഗങ്ങളുൾപ്പെടെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. മരിച്ച സ്ത്രീയുടെ പങ്കാളിയെ പ്രദേശത്ത് നിന്ന് തന്നെ കണ്ടെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മരിച്ചതിന് ശേഷം സ്ത്രീയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചതായി പറയുന്നത്.
അയൽക്കാർ വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ പരാതിയുമായി രംഗത്തെത്തി. തുടർന്ന് ഇയാൾ മൃതദേഹം ചാക്കിൽക്കെട്ടി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് 200 മീറ്റർ അകലെയാണ് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്. കൂടുതൽ ദൂരം മൃതദേഹം ചാക്കിൽ കെട്ടി വലിച്ചുകൊണ്ട് പോകാൻ ഇയാൾക്ക് സാധിച്ചില്ല.
ഇരുവരും കഴിഞ്ഞ പത്തുവർഷമായി ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം സംസ്കരിക്കാൻ ഇയാളുടെ കൈയിൽ പണമില്ലായിരുന്നു. തുടർന്ന് പോലീസാണ് മൃതദേഹം സംസ്കരിച്ചത്.