നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് ഇന്ന് പുലർച്ചെ ഷീല(31) മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഷീലയെ കടന്നുപിടിച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഷീലയെ ശശി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഷീലയ്ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടുമ്പൻചോല പോലീസെത്തി വാതിൽ തുറന്നാണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ അന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്.