ഷാജഹാൻപൂർ: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി കുത്തിവയ്പ്പിന് പിന്നാലെ മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയറുവേദനയെ തുടർന്ന് യുവതിയെ ബന്ധുക്കൾ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്.
യുവതിയെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷവും വേദന കുറഞ്ഞില്ലെന്നും തുടർന്ന് ഒരു വ്യാജ ഡോക്ടർ എത്തി കുത്തിവയ്ക്കുകയായിരുന്നെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുത്തിവയ്പ്പിന് പിന്നാലെ യുവതിയുടെ അവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അവ്നീഷ്, ഇയാളുടെ സഹായികളായ പ്രിയങ്ക, അജയ് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
യുവതിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ.കെ. ഗൗതം വ്യക്തമാക്കി. സ്വകാര്യ ക്ലിനിക് അടയ്ക്കുമെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.