പഴകും തോറും വീഞ്ഞിനു വീരം കൂടുമെന്നാണു പറയുന്നത്. വിവിധതരം മദ്യത്തിന്റെ കാര്യത്തിലും ഇങ്ങനെ പറയാറുണ്ട്. എന്നാൽ, ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ ഇതു നേരേ തിരിച്ചാണ്. പഴകിയതു മാത്രമല്ല, തണുത്ത ഭക്ഷണംപോലും കഴിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ തറപ്പിച്ചു പറയും. ഭക്ഷണം പഴകിയാൽ അരുചിയും ദുർഗന്ധവും കാരണം വായിൽ വയ്ക്കാൻ പറ്റില്ലെന്നതു മറ്റൊരു കാര്യം.
എന്നാൽ, ജർമൻകാരിയായ ജോർജിയാന എന്ന യുവതി ഇത് അതേപടി അംഗീകരിക്കാൻ തയാറല്ല. 27 വർഷം പഴക്കമുള്ള ജാം കഴിച്ചുനോക്കിയ ഇവർ പറഞ്ഞത് അടിപൊളി രുചിയാണെന്നാണ്. മുത്തശിയുടെ വീടിന്റെ നിലവറയിൽനിന്നാണ് ഇവർക്കു രണ്ടര പതിറ്റാണ്ടിലധികം പഴക്കമുള്ള ജാം കിട്ടിയത്. നന്നായി അടച്ചുവച്ച ഭരണിയിലായിരുന്നു ജാം. 1996ലാണ് ഈ ജാം ഉണ്ടാക്കിയത്. അന്നു ജോർജിയാനയ്ക്കു രണ്ടു വയസായിരുന്നു പ്രായം.
രണ്ട് സഹോദരങ്ങൾക്കൊപ്പമാണു ജോർജിയാന ജാം തിന്നുനോക്കിയത്. ജാമിന്റെ പാത്രം തുറക്കുന്നതിന്റെയും ജാം തിന്നു നോക്കുന്നതിന്റെയും വീഡിയോ ലോകമെങ്ങും വൈറലായി.
ജാമിനു നല്ല രുചിയാണെന്നു മൂവരും പറയുന്നതു വീഡിയോയിൽ കേൾക്കാം. നല്ലപോലെ അടച്ച പാത്രത്തിലാണെങ്കിൽ അടുത്ത 27 കൊല്ലം കൂടി ജാം ഒരു കുഴപ്പവുമില്ലാതിരിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ, ഇത്തരം പരീക്ഷണം എപ്പോഴും നല്ലതാവില്ലെന്നും ചിലർ കമന്റിട്ടു.