സോഷ്യൽ മീഡിയയിൽ വൈറലാകാൻ എന്ത് സാഹസികതയും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്ന് സമൂഹത്തിലുള്ളത്. ട്രെൻഡിനൊപ്പം വീഡിയോകൾ ചെയ്യുന്നവരെ കൂടാതെ പുതിയ ട്രെൻഡ് സൃഷ്ടിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ ബീഹാറിലെ ജാമുയി ജില്ലയിൽ നിന്നുമുള്ള ഒരു സ്ത്രീയും റീൽ ചിത്രീകരിക്കാൻ തീരുമാനിച്ചു.
എന്നാൽ അവരുടെ ഭർത്താവിന് ഇത്തരം കാര്യങ്ങളിൽ അത്ര താൽപര്യമില്ല. പക്ഷേ ഭാര്യയ്ക്ക് ഈ എതിർപ്പ് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഭർത്താവിന്റെ വിസമ്മതത്തെ അവഗണിച്ച് അവർ മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻഗർ ഗ്രാമത്തിലാണ് സംഭവം. ജിതേന്ദ്രയും തമന്നയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പെട്ടെന്ന് ഇയാൾക്ക് ജോലി സംബന്ധമായി ബംഗളൂരുവിലേക്ക് പോകേണ്ടി വന്നു.
ഭർത്താവ് ബംഗളൂരുവിലേക്ക് പോയതോടെ തമന്ന സോഷ്യൽ മീഡിയയ്ക്ക് അടിമയായി. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോസ് പതിവായി പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ തമന്നയുടെ ഫോളോവേഴ്സും കൂടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്സിനെയും ഫേസ്ബുക്കിൽ ആറായിരത്തിലധികം ഫോളോവേഴ്സിനെയും അവർ നേടി.
ഇത് ജിതേന്ദ്ര ചോദ്യം ചെയ്തിരുന്നു. ഭാര്യയെ വിലക്കിയപ്പോഴെല്ലാം ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായി. തുടർന്ന് ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ട തമന്ന പിന്നീട് തിരിച്ചെത്തിയില്ല. സോഷ്യൽ മീഡിയയിലെ ഒരു പ്രശ്നത്തിന്റെ പേരിൽ തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരയുകയാണ് ജിതേന്ദ്ര.