കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങളുണ്ടെങ്കിൽ പിരിയുന്നതാണു നല്ലതും. എന്നാൽ അമേരിക്കയിലെ പിറ്റ്സ്ബർഗ് സ്വദേശിനിയായ കെന്ദ്ര റോക്സ്ബെറി എന്ന ഇരുപത്തിയൊമ്പതുകാരി മാസങ്ങൾ നീണ്ടുനിന്ന തന്റെ പ്രണയം അവസാനിപ്പിച്ചതിന്റെ കാരണമറിഞ്ഞാൽ ചിരി വരും.
ജോഷ് എന്നാണു കാമുകന്റെ പേര്. ഇരുവരും ഡേറ്റിംഗിലായിരുന്നു. ഇവരുടെ ബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകുന്നതിനിടെ ഒരു ദിവസം തന്റെ വൈദ്യുതിബില്ലായ 31,000 രൂപ അടയ്ക്കാൻ യുവാവ് കാമുകിയോട് ആവശ്യപ്പെട്ടു. അടുത്ത നിമിഷംത്തന്നെ കാമുകനെ ഫോണിൽ ബ്ലോക്ക് ചെയ്ത റോക്സ്ബെറി ബന്ധം അവിടെ അവസാനിപ്പിച്ചു.
കറന്റ് ബില്ലടയ്ക്കാൻ ആവശ്യപ്പെടുന്നതിന് ഒരാഴ്ചമുൻപു ജോഷ് കാമുകിക്കു വിലയേറിയ കടൽ വിഭവങ്ങളടങ്ങിയ ഡിന്നർ നൽകിയിരുന്നു. ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടുള്ള മെസേജിൽ “ഡിന്നറിന് താൻ പണമടച്ചതുകൊണ്ട് ഈ പണം നൽകുന്നതിൽ പ്രശ്നം കാണില്ലെന്നു കരുതുന്നു’ എന്നു ജോഷ് കുറിച്ചിരുന്നു. പണം ചോദിച്ച ഈ രീതിയാണു തന്നെ പ്രശ്നത്തിലാക്കിയതെന്നും ജോഷിനു സാന്പത്തിക ഉത്തരവാദിത്വമില്ലെന്നും കാമുകി കുറ്റപ്പെടുത്തുന്നു.
കെന്നഡി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്ത ഈ സംഭവം യുഎസിൽ വലിയ ചർച്ചകൾക്കു വഴിവച്ചു. ജോഷുമായുള്ള ബന്ധം അവസാനിപ്പിച്ചതു നന്നായെന്നാണു പലരും റോക്സ്ബെറിയോടു പറഞ്ഞത്. കറന്റ് ബില്ലടയ്ക്കാൻ കാശില്ലാത്തവൻ എന്തിനാണു വലിയ തുക മുടക്കി ഡിന്നർ നൽകിയതെന്നും ചിലർ ചോദിച്ചു.