ജയ്പൂർ: ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിന് പിന്നാലെ ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. ജയ്പൂരിലെ കൻവാതിയയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. തുടർന്ന് യുവതിക്ക് ചികിത്സ നിഷേധിച്ച സർക്കാർ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ നിയോഗിച്ചതായി മെഡിക്കൽ എഡ്യുക്കേഷൻ അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. റസിഡന്റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആശുപത്രിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകി.
ആശുപത്രിയിൽ ബുധനാഴ്ചയാണ് യുവതി ചികിൽസ തേടി എത്തിയത്. ചികിത്സ നിഷേധിച്ചതോടെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.