ചൈനയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു സ്ത്രീ തന്റെ ഗർഭിണിയായ സഹപ്രവർത്തകയുടെ കുടിക്കാനുള്ള വെള്ളത്തിൽ വിഷം കലർത്തിയിരിക്കുകയാണ്. ചൈനയിലെ ഹുബെയിലാണ് സംഭവം.
ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇവർ. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി കിട്ടുക എന്ന് കഠിനമായ അധ്വാനം വേണ്ടുന്ന കാര്യമാണ്. എന്നാൽ, ഇവിടുത്തെ ജോലി സമ്മർദ്ദം ചില്ലറയല്ല എന്നാണ് ഇപ്പോഴത്തെ ഈ സംഭവം തെളിയിക്കുന്നത്.
ഗർഭിണിയായ സ്ത്രീ ഒരു ദിവസം വെള്ളം കുടിക്കാനെടുത്തപ്പോൾ അതിൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണിത് എന്നാണ് ആദ്യം അവർ കരുതിയത് അത്. അതിനാൽ, തിളപ്പിച്ച ബോട്ടിൽ വെള്ളമാണ് പിന്നെയവർ കുടിച്ചത്. എന്നാൽ, അതിലും സമാനമായ രുചിവ്യത്യാസം അനുഭവപ്പെടുകയായിരുന്നു.
സംഭവിക്കുന്നത് എന്താണെന്ന് കണ്ടെത്താനായി യുവതി തന്റെ ഐപാഡിൽ വീഡിയോ റെക്കോർഡ് ചെയ്യാൻ വച്ചു. എന്നാൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് യുവതിക്ക് കാണാൻ കഴിഞ്ഞത്. ഒരു സഹപ്രവർത്തക വന്ന് വെള്ളത്തിൽ വിഷമ കലർത്തുന്നതായിരുന്നു സംഭവം. ഇത് കണ്ട ഉടൻ തന്നെ ഗർഭിണിയായ സ്ത്രീ പോലീസിൽ പരാതി നൽകുകയായിരുന്നു.
‘സഹപ്രവർത്തക ഗർഭിണിയാണ് അവർ പ്രസവാവധി എടുത്തു കഴിഞ്ഞാൽ തന്റെ ജോലി ഭാരം കൂടും, താൻ സമ്മർദത്തിലാകും. ഇത് ഒഴിവാക്കാനാണ് വിഷം കലർത്തിയത്’ എന്നാണ് കാരണമായി യുവതി പറയുന്നത്. സംഭവം ഗൗരവമാണെന്നും വേണ്ട നടപടി കൈക്കൊള്ളുമെന്നുമെന്ന് അറിയിച്ച് സ്ഥാപനവും രംഗത്തെത്തി.