അസമിൽ വെള്ളപ്പൊക്കത്തിനിടെ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ 25കാരി പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദനയെത്തുടർന്നു ജഹനാര ബീഗം എന്ന യുവതിയെ സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് ബോട്ടിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
ഭർത്താവും മെഡിക്കൽ സംഘവും ബോട്ടിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നു. യുവതിയെയും നവജാത ശിശുവിനെയും കരയിലെത്തിച്ച് ജാർഗാവ് പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു.
വെള്ളപ്പൊക്കത്തെത്തുടർന്നു 39,338 പേരാണ് അസമിൽ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. അവരിൽ 285 പേർ ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ആണ്.
മോറിഗാവ് ജില്ലയിൽ ഇതുവരെ 58,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 29 ജില്ലകളിലായി 22 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു.
വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 62 ആയി. മൂന്ന് പേരെ കാണാതായി. അതേസമയം പ്രളയ ബാധിത പ്രദേശങ്ങളിൽനിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പറഞ്ഞു.