അഞ്ച് സഹോദരന്മാരെ വിവാഹം ചെയ്ത സ്ത്രീ മഹാഭാരതത്തില്‍ മാത്രമല്ല ഉള്ളത്. ഡെറാഡൂണിലെ ഗ്രാമത്തിലേയ്ക്ക് ചെന്നാല്‍ കാണാം അഞ്ചും അതില്‍ക്കൂടുതലുമൊക്കെ സഹോദരന്മാരെ വിവാഹം ചെയ്ത് സന്തോഷമായി കുടുംബജീവിതം നയിക്കുന്ന പെണ്‍കുട്ടികളെ. ഒരു കുടുംബത്തിലെ അഞ്ചു സഹോദരന്മാരെ വിവാഹം കഴിച്ച് അമ്മയായ രാജോ വര്‍മ്മയെന്ന 24 കാരിയാണ് അതിലൊരാള്‍. ഡെറാഡൂണിലെ ചെറിയ ഗ്രാമത്തിലെ ആചാര പ്രകാരമാണ് സ്ത്രീകള്‍ ഭര്‍ത്താവിന്റെ സഹോദരന്മാരെ വിവാഹം കഴിക്കുന്നത്. നാലു വര്‍ഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജു വര്‍മ്മയെ രാജോ വിവാഹം കഴിച്ചത്. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ശേഷിച്ച നാലു പേരെയും രാജോ വിവാഹം ചെയ്തു. ചെറിയ വീട്ടില്‍ എല്ലാവരും ഒരുമിച്ചാണ് താമസം. രാജോ ഓരോ ദിവസവും ഓരോ സഹോദരന്മാരോടൊപ്പമാണ് രാത്രിയില്‍ കഴിയുക.
ആദ്യം ഒരു മകന്‍ പിറന്നെങ്കിലും ആരുടെ മകനാണെന്ന് രാജോയ്ക്ക് നിശ്ചയമില്ലായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനു കൂടി ജന്മം നല്‍കിയിരിക്കുകയാണ് രാജോ. ഈ കുഞ്ഞിനും ‘ചൂണ്ടികാണിക്കാന്‍’ അച്ഛന്‍ ഇല്ലെങ്കിലും രാജോ ഹാപ്പിയാണ്. ലോകത്ത് ഏറ്റവും സൗഭാഗ്യവതിയായ ഭാര്യ താനാണെന്നാണ് രാജോ പറയുന്നത്. കാരണം എല്ലാ ഭാര്യമാരും ഒരു ഭര്‍ത്താവിന്റെ സ്‌നേഹം അനുഭവിക്കുമ്പോള്‍ താന്‍ അഞ്ചു ഭര്‍ത്താക്കന്മാരുടെ സ്‌നേഹം അനുഭവിച്ചാണല്ലോ ജീവിക്കുന്നതെന്ന സന്തോഷമാണ് രാജോയ്ക്കുള്ളത്. രാജോയെ നിയമപരമായി വിവാഹം ചെയ്ത ആദ്യ ഭര്‍ത്താവിനും ഭാര്യയെ സഹോദരന്മാര്‍ക്ക് പങ്കുവെക്കുന്നതില്‍ എതിരഭിപ്രായമില്ല.
തന്റെ അമ്മയും ഭര്‍ത്താവിന്റെ മൂന്നു സഹോദരന്മാരെ വിവാഹം ചെയ്തിരുന്നുവെന്നാണ് രാജോ പറയുന്നത്. അതുകൊണ്ടുതന്നെ വിവാഹത്തിനുശേഷം ഇത്തരത്തില്‍ ഭര്‍ത്താവിന്റെ സഹോദരന്മാരെ വിവാഹം ചെയ്യേണ്ടി വരുമെന്ന് തനിക്കറിയാമായിരുന്നു എന്നാണ് രാജോ പറയുന്നത്. പണ്ടു കാലത്ത് ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന ബഹുഭര്‍തൃത്വം ഇന്ന് ഹിമാലയന്‍ താഴ്വരകളിലും ടിബറ്റന്‍ മലനിരകളിലുമുളള ഗ്രാമങ്ങളിലുമാണ് നിലനില്‍ക്കുന്നത്. സ്ത്രീ പുരുഷ അനുപാതത്തിലുള്ള വ്യത്യാസമാണ് ഇത്തരത്തില്‍ സഹോദരങ്ങള്‍ എല്ലാവരും ഒരു സ്ത്രീയെത്തന്നെ വിവാഹം ചെയ്യാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.