സൈനിക പെന്ഷന് വേണ്ടി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചുവച്ച തായ്വാനീസ് യുവതി പിടിയിൽ. തെക്കൻ തായ്വാനിലെ കാവോസിയുങ്ങിൽ താമസിക്കുന്ന യുവതിക്കെതിരേയാണ് കേസ്. 20 വര്‍ഷത്തോളം രാജ്യത്തിനായി സൈനിക സേവനം ചെയ്തയാളായിരുന്നു യുവതിയുടെ അച്ഛൻ. ഇദ്ദേഹത്തിന് 1.2 ലക്ഷം രൂപയുടെ പെൻഷൻ ഉണ്ടായിരുന്നു. ഇത് നഷ്ടപ്പെടാതിരിക്കാനാണ് യുവതി അച്ഛന്റെ മരണം പുറത്തറിയിക്കാതെ മൃതദേഹം ഒളിപ്പിച്ചുവച്ചത്.
ഡെങ്കിപ്പനി പ്രതിരോധ ആരോഗ്യപ്രവര്‍ത്തകർ സുരക്ഷാ നടപടികളുടെ ഭാഗമായി വീട്ടിലെത്തിയപ്പോൾ യുവതി അവരെ വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ഇതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ അന്വേഷണത്തിലാണു വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ച അച്ഛന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കറുത്ത പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്.
മരണകാരണവും എത്ര വര്‍ഷം മുമ്പാണു മരിച്ചതെന്നും അറിയണമെങ്കില്‍ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വരണമെന്നു പോലീസ് അറിയിച്ചു. അച്ഛന്റെ മരണത്തില്‍ യുവതിക്കു പങ്കുണ്ടോയെന്നും അന്വേഷിക്കും.
യുവതിയുടെ സഹോദരന് 50 വര്‍ഷം മുമ്പു മരിച്ചിരുന്നു. അമ്മയും മരിച്ചശേഷം യുവതിയും അച്ഛനും തനിച്ചായിരുന്നു താമസം. തായ്വാനില് മൃതദേഹത്തോടു മോശമായി പെരുമാറുന്നത് അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.