ഭർത്താവ് സംശയത്തിന്റെ പേരിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ടത് 12 വർഷം. മൈസൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ തന്നെ സംശയത്തിന്റെ പേരിൽ സന്നലയ്യ തന്റെ ഭാര്യ സുമയെ മുറിയിൽ പൂട്ടിയിട്ടു.
സന്നലയ്യയുടെ മൂന്നാമത്തെ ഭാര്യയാണ് സുമ. ഇവരെ മൂന്ന് പൂട്ടുള്ള മുറിയിലിട്ടാണ് ഇയാൾ താമസിപ്പിച്ചിരുന്നത്. ഭാര്യയെ ആരുമായി സംസാരിക്കാനും ഇയാൾ അനുവദിച്ചിരുന്നില്ല.
വീടിന് പുറത്തുള്ള ശുചിമുറി പോലും ഉപയോഗിക്കാൻ ഇവരെ അനുവദിക്കില്ലായിരുന്നു. മുറിക്കുള്ളിൽ ബക്കറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ വിസർജ്യങ്ങൾ സന്നലയ്യ തന്നെ പുറത്തു കൊണ്ടുപോയി കളയും.
രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ശ്രമിച്ചാൽ കൊന്നുകളയുമെന്നും സന്നലയ്യ ഭീഷണിപ്പെടുത്തിയിരുന്നു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. എന്നാൽ മക്കളോട് സംസാരിക്കാനും അവർക്കൊപ്പം ഉറങ്ങാനും സമ്മതിക്കില്ലായിരുന്നെന്നും സുമ പോലീസിനോട് പറഞ്ഞു. മക്കളെ അല്പനേരം ജനലിലൂടെ കാണാനെ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്നും ഇവർ പറഞ്ഞു.