ഫാമിലെ ആട്ടിൻ തൊഴുത്തിൽ മദ്യപിച്ച് ഉറങ്ങിയ ഭവനരഹിതയായ സ്ത്രീയുടെ കാലുകൾ എലികൾ തിന്നു. റഷ്യയിലെ സ്റ്റാവ്റോപോൾ ക്രൈയിലാണ് സംഭവം. തെഴുത്തിൽ നിന്നും മറീനയെ(60) ഒരു വഴിയാത്രക്കാനാണ് കാലുകൾ എലി തിന്ന നിലയിൽ കണ്ടെത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗംഗ്രിൻ (രക്തവിതരണം നഷ്ടപ്പെട്ട് ശരീരകോശങ്ങൾ നശിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഗംഗ്രീൻ. ഇത് ശരീരത്തിൻ്റെ ഏത് ഭാഗത്തെയും ബാധിക്കാം. പക്ഷേ സാധാരണയായി കാൽവിരലുകൾ, പാദങ്ങൾ, വിരലുകൾ, കൈകൾ എന്നിവയിൽ ആരംഭിക്കുന്നു) ആരംഭിച്ചിരുന്നു. തുടർന്ന് രണ്ട് കാലുകളുടെയും അവശിഷ്ടങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നു.
മറീനയ്ക്ക് തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഇല്ല. അവർ ഇപ്പോൾ താമസിക്കുന്നത് ഒരു അഭയകേന്ദ്രത്തിലാണ്. അഭയകേന്ദ്രത്തിൽ നിന്നും അവരുടെ സഹോദരനെ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് മറീനയുമായി ഒരു ബന്ധവുമില്ലെന്നും വീണ്ടും ബന്ധപ്പെടരുതെന്നുമാണ് അയാൾ ആവശ്യപ്പെട്ടത്.
മറീന മദ്യത്തെ ആശ്രയിക്കുന്നതാണ് ബന്ധുക്കൾ ഇവരെ ഉപേക്ഷിച്ചതിന് കാരണമെന്നാണ് ഹെൽപ്പിംഗ് ഹാൻഡ് ഷെൽട്ടറിന്റെ തലവനായ ഓൾഗ ഷിരിയേവ പറയുന്നത്. ബന്ധുക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട മറീനയ്ക്ക് ഇപ്പോഴും മദ്യം നിരസിക്കാൻ കഴിയില്ല.
2021 മുതലുള്ള ജനസംഖ്യാ സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കി റഷ്യയിൽ ഏകദേശം 11.3 ആയിരം ആളുകൾ ഭവനരഹിതരാണ്. രാജ്യത്ത് മദ്യപാനത്തിന്റെ നിരക്കും വളരെ കൂടുതലാണ്. വർധിച്ചുവരുന്ന മദ്യപാനം റഷ്യയിൽ ഒരു സാമൂഹിക പ്രശ്നമാണ്. 2023-ൽ റഷ്യക്കാർ 2.3 ബില്യൺ ലിറ്റർ മദ്യമാണ് വാങ്ങിയത്.