പുറത്തു നിന്ന് വാങ്ങുന്ന പാൽ കേടായാൽ അത് കളയുന്നതല്ലാതെ തിരികെ കൊടുത്ത് മാറ്റി വാങ്ങുന്നവർ കുറവാണ്. എന്നാൽ ഒരു പാക്കറ്റ് പാൽ വാങ്ങിയത് കേടായതിനാൽ മാറ്റി വാങ്ങാൻ ശ്രമിച്ചതിന് പിന്നാലെ 77000 രൂപയാണ് കൈയിൽ നിന്നും പോയത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നല്ലെ? സംഭവം നടക്കുന്നത് ബംഗളൂരുവിലാണ്.
മൈസൂരു റോഡിൽ താമസിക്കുന്ന സോഫിയ (65 ) ഒരു ഓൺലൈൻ മിൽക്ക് ഡെലിവറി സർവീസിന്റെ സ്ഥിരം കസ്റ്റമറാണ്. എന്നാൽ ഈ മാസം 18ന് ഇതുവഴി അവർക്ക് കിട്ടിയ പാൽ കേടായിരുന്നു. പിന്നാലെ സോഫിയ പാലിന്റെ പണം തിരികെ കിട്ടാനുള്ള വഴി തേടാൻ തുടങ്ങി.
തുടർന്ന് പരാതി അറിയിക്കാൻ ഓൺലൈനിൽ നിന്ന് ഒരു കസ്റ്റമർ കെയർ നമ്പറും അവർ സംഘടിപ്പിച്ചെടുത്തു. അതിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുത്ത ആൾ കസ്റ്റമർ കെയർ എക്സിക്യൂട്ടീവാണെന്നാണ് പറഞ്ഞത്.
സോഫിയ കേടായ പാൽ തിരികെ തരാമെന്നും പകരം റീഫണ്ട് വേണമെന്നും ആവശ്യപ്പെട്ടു. മറുവശത്തുണ്ടായിരുന്ന ആൾ പാൽ തിരികെ നൽകണ്ടെന്നും റീഫണ്ട് തരാമെന്നും പറഞ്ഞു. അതിനായി താൻ പറയുന്നത് പോലെ ചെയ്താൽ മതിയെന്നും ഇയാൾ സോഫിയയെ പറഞ്ഞു ബോധ്യപ്പെടുത്തി.
സോഫിയയോട് വാട്ട്സാപ്പിൽ യുപിഐ ഐഡി 081958 വരുന്ന ഒരു മെസ്സേജ് വരും എന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പിന്നാലെ ‘ട്രാൻസ്ഫർ മണി’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാനും ‘ടു ബാങ്ക് /യുപിഐ ഐഡി’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാനും പറഞ്ഞു. ഇത് തട്ടിപ്പാണന്ന് മനസിലാവാതെ അയാളെ അനുസരിക്കുകയും ചെയ്തു. തുടർന്ന് പേ എന്നതിൽ ക്ലിക്ക് ചെയ്യാനും യുപിഐ നമ്പർ അടിച്ചുകൊടുക്കാനുമാണ് ഇയാൾ ആവശ്യപ്പെട്ടത്. സോഫിയ ഇതെല്ലാം പറഞ്ഞതു പോലെ ചെയ്തു.
സോഫിയ പിൻ അടിച്ചുകൊടുത്ത ഉടൻ തന്നെ അവരുടെ അക്കൗണ്ടിൽ നിന്നും 77000 രൂപ പോയി. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്നും പറ്റിക്കപ്പെട്ടെന്നും ഇവർ മനസിലാക്കിയത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.