ഇഷ്ടപ്പെട്ട ഏത് ഭക്ഷണവും ഇപ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി ഓർഡർ ചെയ്ത് കഴിക്കാനുള്ള മാർഗമുണ്ട്. ഓർഡർ ചെയ്ത് കഴിഞ്ഞാൽ എത്രയും വേഗം തന്നെ ഭക്ഷണം എത്തുകയും ചെയ്യും. എന്നാൽ ക്ഷമയോടെ വിശന്ന് കാത്തിരുന്നപ്പോൾ കിട്ടിയത് ഓർഡർ ചെയ്ത ഭക്ഷണമല്ലെങ്കിൽ ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കില്ല.
അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഹമ്മദാബാദിൽ നിന്നുള്ള നിരലി എന്ന യുവതി പനീർ ടിക്ക സാൻഡ്വിച്ച് ഓർഡർ ചെയ്തു, എന്നാൽ ഇവർക്ക് ലഭിച്ചതോ ചിക്കൻ സാൻഡ്വിച്ച്. വെജിറ്റേറിയനായ യുവതി ഇത് പ്രശ്നമാക്കി. സാൻഡ്വിച്ച് അല്പം കഴിച്ചപ്പോൾ തന്നെ പനീറിന് വല്ലാത്ത കട്ടി തോന്നി. സോയ ആയിരിക്കും ഇതെന്നാണ് യുവതി ആദ്യം കരുതിയത്. എന്നാൽ സംഭവം ചിക്കനായിരുന്നു. തുടർന്ന് യുവതി പരാതി നൽകുകയും ചെയ്തു.
യുവതി ഭക്ഷണം ഓർഡർ ചെയ്തത് മെയ് 3ന് ആയിരുന്നു. തുടർന്ന് ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർക്ക് ഇവർ ഹോട്ടൽ ജീവനക്കാരുടെ അശ്രദ്ധ ചൂണ്ടിക്കാട്ടി പരാതി നൽകുകയും ചെയ്തു. 5000 രൂപയാണ് ഭക്ഷ്യവകുപ്പ് ഹോട്ടലിനെതിരേ പിഴ ചുമത്തിയത്. എന്നാൽ ഇത് കുറവാണെന്നാണ് യുവതിയുടെ അഭിപ്രായം. 50 ലക്ഷം രൂപയെങ്കിലും പിഴ ചുമത്തണമെന്നാണ് യുവതിയുടെ പക്ഷം. ഇതിനായി ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
‘ജീവിതത്തില്‍ ഇതുവരെ മാംസാഹാരം കഴിച്ചിട്ടില്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ടു തന്നെ ഈ സംഭവം വളരെ മോശം അനുഭവമാണ് ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അത് വേണ്ടെന്നുവയ്ക്കുകയാണ്. 50 ലക്ഷം രൂപയെങ്കിലും ഹോട്ടലിനെതിരെ പിഴയീടാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു’വെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.