വിമാനത്താവളത്തിൽ എയർലൈൻ ഗ്രൗണ്ട് ക്രൂ അംഗത്തെ കടിച്ചു പരിക്കേൽപ്പിച്ച യാത്രക്കാരിക്കെതിരേ കേസെടുത്ത് പോലീസ്. ആകാശ എയർ ക്യുപി 1525 വിമാനത്തിലാണു സംഭവം.
മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് ആഗ്ര സ്വദേശിനിയായ തൻവി എത്തിയത്. വിമാനത്തിൽ കയറിയശേഷം ഇവർ സഹയാത്രികരുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
വിമാന ജീവനക്കാർ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ തണുത്തില്ല. പിന്നീട് ഇവരെ വിമാനത്തിൽ നിന്നിറക്കാൻ ഗ്രൗണ്ട് സ്റ്റാഫിനെ വിളിച്ചു.
എയർലൈൻ ഗ്രൗണ്ട് ക്രൂ വിമാനത്തിൽനിന്നു ഇറക്കിവിടുന്നതിനിടെ തൻവി, പുരുഷ ക്രൂ അംഗത്തിന്റെ കൈത്തണ്ടയിൽ കടിക്കുകയായിരുന്നു.
തുടർന്ന് സിഐഎസ്എഫിനെ വിളിക്കുകയും നിയമനടപടികൾക്കായി ഇവരെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. യുവതിക്കെതിരേ സരോജിനി നഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.