ലക്നൌ: ട്രെയിനില്‍ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി അനീഷ് ഖാനെയാണ് വെടിവച്ചുകൊന്നത്.
ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. പോലീസുമായുണ്ടായ വെടിവയ്പ്പിൽ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അയോദ്ധ്യ ജില്ലയിലെ ഇനായത്ത് നഗറിൽ ഇന്നലെയാണ് ഏറ്റമുട്ടലുണ്ടായത്.
കഴിഞ്ഞ മാസം 30നാണ് സരയു എക്സ്പ്രസിൽ വനിതാ കോൺസ്റ്റബിളിനെ പ്രതി ആക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കോൺസ്റ്റബിളിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതുമൂലം പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നില്ല.
പിന്നീട് പ്രത്യേക ദൗത്യ സേന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട പ്രതിക്കും അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ക്കുമെതിരെ നേരത്തെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു.