മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. വീട്ടുജോലികളിൽ പരസ്പരം സഹായിക്കുന്നത് മുതൽ ഷോപ്പിംഗിന് പോകുന്നതുവരെയുള്ള കാര്യങ്ങൾ ഇതിൽപ്പെടുന്നു.
ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധം ജീവിതത്തിലെ ഏറ്റവും അഗാധമായ ബന്ധങ്ങളിലൊന്നാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, യുപിഐ പേയ്മെൻ്റുകളെക്കുറിച്ചും, എടിഎം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഓൺലൈനായി പണം കൈമാറുന്നതിനെക്കുറിച്ചും മറ്റും മാതാപിതാക്കളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അടുത്തിടെ അമ്മയെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന പാകിസ്ഥാൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വൈറലായ വീഡിയോയിൽ ഒരു അമ്മ മകളോടൊപ്പം എടിഎമ്മിൽ നിൽക്കുന്നത് കാണാം. എങ്ങനെയാണ് എടിഎം കാർഡ് മെഷീനിൽ വയ്ക്കുന്നതെന്ന് വീഡിയോ പകർത്തുന്ന മകളോട് അമ്മ ചോദിക്കുന്നുണ്ട്. വീഡിയോ തുടങ്ങുമ്പോൾ, പണം പിൻവലിക്കാൻ ആവശ്യമായ മറ്റ് നടപടികൾ മകൾ അമ്മയോട് പറഞ്ഞു കൊടുക്കുന്നു.
മകൾ പറയുന്ന കാര്യങ്ങളൊക്കെ അമ്മ കേൾക്കുകയും പണം എടിഎമ്മിൽ നിന്ന് എടുക്കുകയും ചെയ്തു. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച ശേഷം അമ്മ പണം എണ്ണിക്കൊണ്ടിരിക്കുമ്പോൾ മകൾ ചോദിച്ചു, “എന്തിനാ ഇത് എണ്ണുന്നത്?” മകളുടെ ചോദ്യത്തിന് മറുപടിയായി അമ്മ പറഞ്ഞു,” തെറ്റ് സംഭവിക്കാം.”
@madiha.rajpoot2 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് മാത്രമേ ഈ നിമിഷം മനസ്സിലാക്കാൻ കഴിയൂ’ എന്നാണ് വീഡിയോ പങ്കുവച്ച് എഴുതിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 3 ദശലക്ഷത്തിലധികം വ്യൂസ് നേടി. പോസ്റ്റിന് ഒരു ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് നിരവധിപേരാണ് മകളെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.