മുപ്പത്തിനാലാം വയസിൽ മുത്തശ്ശിയായ യുവതിയാണ് സിംഗപ്പൂർ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഷേർളി ലിങ്ങ്. ഇവരുടെ 17 വയസുള്ള മകൻ കഴിഞ്ഞ വർഷമാണ് അച്ഛനായത്. ഷേർളിയും പതിനേഴാമത്തെ വയസിലാണ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോൾ ഷേർളിക്ക് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.
അടുത്തിടെ ഷേർളി തന്നെയാണ് താനൊരു മുത്തശ്ശിയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ഇക്കാര്യം നല്ലതാണോ മോശമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, കഴിഞ്ഞ വർഷം പതിനേഴുകാരനായ മകന്റെ പെൺസുഹൃത്ത് ഗർഭിണിയാണെന്ന് അറിഞ്ഞത് എനിക്ക് അത്ഭുതമായില്ല.
മറ്റുകുട്ടികളെ അപേക്ഷിച്ച് കുട്ടിക്കാലത്തു തന്നെ അവന് അൽപം കൗതുകം കൂടുതലായിരുന്നു. കാമുകി ഗർഭിണിയാണെന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ അവന് ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം അവനു തന്നെയാണ്. ഇതിലെ ശരിയും തെറ്റും നിങ്ങളെങ്ങനെ ഇക്കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും’. ഷേർളി പറഞ്ഞു.
വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളുണ്ടാകുന്നതിൽ മക്കളെ പ്രോത്സാഹിപ്പിക്കില്ലെന്നും ഷിർലി ലിങ് കൂട്ടിച്ചേർത്തു. ‘എന്നാൽ ഇവിടെ ഇത് സംഭവിച്ചു കഴിഞ്ഞു. അതിനെ എങ്ങനെ അഭിമുഖീകരിക്കണം എന്നുമാത്രമാണ് എനിക്ക് അവർക്ക് നൽകാൻ കഴിയുന്ന ഉപദേശം. എന്ത് തീരുമാനം എടുക്കണമെന്നും ഇനി എത്രമാത്രം ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അവർ ചിന്തിക്കണം. രണ്ടാമതൊരു കുഞ്ഞ് ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പു പറയാൻ സാധിക്കില്ല. ശ്രദ്ധിച്ചില്ലെങ്കിൽ അവർ ഈ തെറ്റ് ആവർത്തിക്കും. അവർക്ക് ആവശ്യമുണ്ടെങ്കിൽ രക്ഷിതാക്കൾ അവര്ക്ക് ആവശ്യമുള്ള ഉപദേശം നൽകും. എന്ത് സംഭവിച്ചാലും അവർ ക്കളാണല്ലോ എന്നും ഷേർളി ലിങ് വിശദമാക്കി.
ഷേർളി പങ്കുവച്ച വീഡിയോയിൽ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകളാണെത്തുന്നത്. ചിലർ ഷേർളി ഒരു പരാജയപ്പെട്ട അമ്മയാണെന്ന് പറയുമ്പോൾ, ഇത്തരത്തിൽ മക്കൾക്കൊപ്പം നിൽക്കുന്നതിന് ഷേർളിക്ക് അഭിനന്ദനം അറിയിച്ചും കമന്റിടുന്നവരുമുണ്ട്.