പിറന്നാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ വ്യത്യസ്തകൾ തേടുന്നവരാണു പുതുതലമുറ. അടുത്തിടെ ബർത്ത്ഡേ കേക്ക് വാളുകൊണ്ടു മുറിച്ചതുമായി ബന്ധപ്പെട്ടു ചിലർക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു.
അതിനു പിന്നാലെ ഡൽഹിയിലെ ഒരു പിറന്നാൾ ആഘോഷവും കേക്കുമുറിക്കലും വിവാദമായിരിക്കുകയാണ്. പഞ്ചാബി ബാഗിലെ ക്ലബിൽ നടന്ന ആഘോഷത്തിൽ പിറന്നാളുകാരിയായ സുന്ദരിപ്പെണ്ണ് ബർത്ത്ഡേ കേക്ക് മുറിച്ചത് പിസ്റ്റൾ കൊണ്ടു വെടിയുതിർത്ത്..!
സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. ക്ലബിന്റെ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് കളിത്തോക്ക് ആണെന്നും ഇതു പാർട്ടികൾക്കു മെഴുകുതിരി കത്തിക്കാൻ ഉപയോഗിക്കുന്നതാണെന്നുമായിരുന്നു ക്ലബ് മാനേജരുടെ വിശദീകരണം.
എന്നാൽ വീഡിയോ ദൃശ്യങ്ങൾ കണ്ട പോലീസ് ഉദ്യോഗസ്ഥർ അതിൽ തൃപ്തരായില്ല. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് യഥാർഥ പിസ്റ്റൾ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.