ലോട്ടറി അടിക്കുന്നവർ ഭാഗ്യവാന്മാരാണെന്നാണ് പറയുന്നത്. അധ്വാനിക്കാതെ വെറുതെ കോടികൾ ലഭിക്കണമെങ്കിൽ ചില്ലറ ഭാഗ്യമെന്നും പോര. ചിലർ കൂട്ടുകൂടി ലോട്ടറി എടുക്കാറുണ്ട്. നമ്മുടെ ഭാഗ്യം തുണച്ചില്ലെങ്കിൽ എന്താ കൂടെയുള്ളവരുടെ ഭാഗ്യം രക്ഷപ്പെടുത്തിയാലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ.
ചിലപ്പോഴൊക്കെ ഇങ്ങനെ കൂട്ട് കൂടി ലോട്ടറി എടുത്താൽ സമ്മാനത്തിന്റെ പേരിൽ തമ്മിൽ തല്ലുകയും ചെയ്യും. ഇത്തരത്തിലുള്ള വാർത്തകൾ നമ്മൾ ഇടയ്ക്കിടയ്ക്ക് കേൾക്കാറുള്ളതാണ്. എന്നാൽ10 കോടി രൂപ ലോട്ടറിയടിച്ച ഒരു ബ്രിട്ടീഷ് ദമ്പതികൾ ഇപ്പോൾ നിയമയുദ്ധത്തിൽ എത്തി നിൽക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 39 -കാരനായ മൈക്കൽ കാർട്ട്ലിഡ്ജ്, 37 -കാരി ഷാർലറ്റ് കോക്സ് എന്നിവരാണ് ആ ദമ്പതികൾ.
ഷാർലറ്റിന്റെ കൈയിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ് പറയുന്നത്. തന്റെ പണത്തിൽ പങ്കാളിക്ക് യാതൊരു തരത്തിലുള്ള അവകാശവും ഇല്ലാ എന്നും ഷാർലറ്റ് പറയുന്നു. എന്നാൽ, ആ സമ്മാനം ലഭിച്ച സ്ക്രാച്ച്കാർഡ് വാങ്ങിയത് തന്റെ പണം കൊണ്ടാണ് അതിനാൽ തനിക്കും ആ തുകയിൽ പകുതിക്ക് അവകാശമുണ്ട് എന്നാണ് മൈക്കൽ പറയുന്നത്.
അതേസമയം, സംഭവത്തിൽ നാഷണൽ ലോട്ടറി ഓർഗനൈസേഷൻ ഷാർലറ്റിന്റെ പക്ഷത്താണ്. ആ ലോട്ടറി അവളുടെ പേരിലാണ് ഉള്ളത് എന്നും സമ്മാനമടിച്ചാൽ അതിന് വേറെ ആരെങ്കിലും അവകാശികളുണ്ട് എന്ന് എഗ്രിമെന്റിലൊന്നും പറഞ്ഞിട്ടില്ലന്നുമാണ് ഓർഗനൈസേഷൻ പറയുന്നത്. തുക മൊത്തം ഷാർലറ്റിന്റെ അവകാശമാണെന്നും അവർ പറയുന്നു. ലോട്ടറി അടിച്ചിട്ടും പുലിവാല് പിടിച്ച അവസ്ഥയിലാണ് ദമ്പതികൾ.