സ്ത്രീകൾ എല്ലാ തൊഴിൽ മേഖലകളിലും സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ഈ ജോലി ചെയ്യാൻ ഒരു സ്ത്രീയ്ക്ക് സാധിക്കുമോ? പറഞ്ഞുവരുന്നത് സെമിത്തേരിയിലെ ജോലിയെ കുറിച്ചാണ്. എങ്കിൽ സെമിത്തേരിയിൽ ജോലി ചെയ്യാൻ സ്ത്രീകൾക്കും സാധിക്കുമെന്നാണ് മൈസൂരിൽ നിന്നുള്ള നീലമ്മ എന്ന സ്ത്രീ കാണിച്ചുതന്നിരിക്കുന്നത്.
കഴിഞ്ഞ 20 വർഷമായി നീലമ്മ മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് ജോലി ചെയ്യുന്നതും. സ്ത്രീകൾ ഈ മേഖലയിലേക്ക് വരാൻ ധൈര്യപ്പെടില്ല എന്ന് കരുതുന്നവർക്ക് നീലമ്മ ഒരു അത്ഭുതമാണ്. ഭർത്താവ് മരിച്ചതിന് ശേഷം നീലമ്മ ഭർത്താവിനെ അടക്കിയ സെമിത്തേരിയിൽ തന്നെ കഴിയാൻ തീരുമാനിക്കുകയായിരുന്നു.
സാധാരണയായി ശവക്കുഴി കുഴിക്കുന്ന ജോലികൾ പുരുഷന്മാരാണ് ചെയ്യുക. ഈ സെമിത്തേരിയിലെ മരണാനന്തരചടങ്ങുകളിൽ എത്തുന്നവരെ സഹായിക്കുന്നതും നീലമ്മ തന്നെയാണ്. പ്രദേശത്തെ എല്ലാവർക്കും നീലമ്മയെ വലിയ ബഹുമാനവും സ്നേഹവുമാണ്. മൃതദേഹം അടക്കാനായി സെമിത്തേരിയിൽ എത്തുന്നവരിൽ നിന്നും പ്രത്യേകം തുക നീലമ്മ ചോദിച്ച് വാങ്ങാറുമില്ല. എന്താണോ അവർ കൊടുക്കുന്നത് അതാണ് അവർ വാങ്ങുന്നത്.
നീലമ്മയെ മകനും 5 ഏക്കർ വരുന്ന സെമിത്തേരി നോക്കി നടത്താൻ സഹായിക്കുന്നുണ്ട്. 200 രൂപയാണ് 2005ൽ ഒരു കുഴി കുഴിക്കുന്നതിന് നീലമ്മയ്ക്ക് കിട്ടിയിരുന്നത്. ഇന്ന് അത് 1000 രൂപയായെന്നും നീലമ്മ പറയുന്നു.