യുവതിയുടെ മൃതദേഹവുമായി ആശുപത്രിയ്ക്ക് മുന്നിൽ കുടുംബത്തിന്റെ പ്രതിഷേധം. ആശുപത്രിക്ക് പുറത്ത് മൃതദേഹം സൂക്ഷിച്ച് യുവതിയുടെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
വയറുവേദനയെ തുടർന്നാണ് ദിവ്യയെ വീട്ടുകാർ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം പിത്തസഞ്ചിയിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ നടത്താൻ ഡോക്ടർ നിർദ്ദേശിച്ചെന്നാണ് ആരോപണം.
സെപ്തംബർ 14 ന്, ഓപ്പറേഷന് മുമ്പ് യുവതി കോമയിലേക്ക് പോയി. ദിവ്യയുടെ മരണത്തിൽ ഡോക്ടർമാരുടെ അനാസ്ഥയിൽ മനം നൊന്ത ഭർത്താവ് അനൂജ് ശുക്ലയ്ക്ക് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി.
ശനിയാഴ്ച പുലർച്ചെ 4 മണിയോടെ ദിവ്യ മരിച്ചു. തുടർന്ന് ആശുപത്രി ഡോക്ടർമാർക്കെതിരെ പരാതി നൽകിയതായി ശുക്ല പറഞ്ഞു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
ഓപ്പറേഷന് മുമ്പ് നൽകിയ അനസ്തേഷ്യയോട് ദിവ്യയ്ക്ക് പ്രതികരണമുണ്ടായതായി ആശുപത്രി ജനറൽ മാനേജർ അവധേഷ് ശർമ്മ അറിയിച്ചു.
അമേത്തി ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അമേത്തി പോലീസ് സൂപ്രണ്ട് ഇളമരൻ ജി പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. ക്രമസമാധാന നില ഉറപ്പാക്കാൻ ആശുപത്രിക്ക് സമീപം കൂടുതൽ പോലീസിനെ വിന്യസിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.