ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. കർണാടകത്തിന് പുറമെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാണാതായ യുവതികളെക്കുറിച്ചും അന്വേഷണം തുടങ്ങി.
ആദ്യഘട്ട അന്വേഷണത്തിൽ കണ്ണൂർ റൂറൽ പരിധിയിൽ മിസിംഗ് കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, അന്വേഷണം മറ്റ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കാൻ കളക്ടറുടെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും ഇരിട്ടി എഎസ്പി തബോഷ് ബസുമദാരി രാഷ്ട്രദീപികയോട് പറഞ്ഞു.
രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തിൽനിന്നു ചുരിദാർ ലഭിച്ചതുകൊണ്ട് മാത്രമാണ് സ്ത്രീ ആണെന്ന് പോലീസ് സംശയിക്കുന്നത്. തലയോട്ടിയിൽനിന്നു മുടിയടക്കം അഴുകിമാറിയ നിലയിലാണ്.
ഇന്നലെയാണ് മാക്കൂട്ടം ചുരത്തിൽ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍നിന്നു 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിൽ ട്രോളിബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയത്.
അമേരിക്കൻ ട്രാവലർ എന്ന വലിയ ട്രോളി ബാഗില്‍ മടക്കി ചുരുട്ടി വെച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് 20 നും 30 നും ഇടയിൽ പ്രായം തോന്നിക്കുന്നതായും പോലീസ് പറഞ്ഞു.
ഒറ്റപ്പെട്ട വനമേഖല ആണെങ്കിലും നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിൽ കൊലചെയ്തു ബാഗിലാക്കി വാഹനത്തിൽ കൊണ്ടുവന്ന് വലിച്ചറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം. വലിച്ചെറിഞ്ഞതിന്റെ ആഘാതത്തിലാകാം ബാഗിന്റെ ഒരുഭാഗം തുറന്നു പോയത്.
ചുരം റോഡിൽനിന്നു വനത്തിലെ താഴ്ചയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്ന വനം വകുപ്പിന്റെ താത്കാലിക ജീവനക്കാർ ഇന്നലെ ഉച്ചയോടെ വനത്തിനുള്ളിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ജഡം കണ്ടെത്തിയത്.
ഉടൻ തന്നെ മടിക്കേരി എസ്.പി രാമരാജിന്റെ നേതൃത്വത്തിൽ പോലീസ് മൃതദേഹപരിശോധന നടത്തി. ഫോറൻസിക്ക് പരിശോധനയ്ക്കായി മൃതദേഹം രാത്രിയോടെ മടിക്കേരി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.
മേഖലയിൽ അടുത്ത കാലത്ത് കാണാതായ യുവതികളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചു. മൃതദേഹപരിശോധ റിപ്പോർട്ട് കിട്ടിയ ശേഷം ശാസ്ത്രീയ അന്വേഷണം ആരംഭിക്കുമെന്ന് വീരാജ് പേട്ട പോലീസ് പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്കുശേഷമാണ് ചുരം പാതയിൽ ഇത്തരത്തിൽ ഒരു അസ്വഭാവിക മരണം നടക്കുന്നത്. പണ്ട് പെരുമ്പാടി തടാകത്തിൽ അജ്ഞാത മൃതദേഹങ്ങൾ കാണപ്പെടാറുണ്ടായിരുന്നുവെങ്കിലും ചുരം പാത നവീകരിച്ചതിനുശേഷം അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ചുരത്തിന്റെ 20 കിലോമീറ്ററോളം വരുന്ന ഭാഗം തീർത്തും ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ട് രാത്രികാലങ്ങളിൽ സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഭയം നിമിത്തം ആരും വാഹങ്ങൾ നിർത്താതെ പോകുകയാണ് പതിവ്.
മൃതദേഹം കേരളത്തിൽ നിന്നും എത്തിയതാണെങ്കിൽ അത്രയും ദൂരം വനത്തിലൂടെ യാത്രചെയ്യാൻ വഴിയില്ല എന്നാണ് കേരള പോലീസിന്റെ നിഗമനം. ഇതിൽ കൂടുതൽ ചെങ്കുത്തായ സ്ഥലങ്ങൾ ധാരാളമുള്ള എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് സാധ്യത. എങ്കിലും മറ്റ് സാധ്യതകൾ കൂടി കണക്കിൽ എടുത്താണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്.