യുവതിയെ ബലാത്സംഗം ചെയ്ത അഞ്ച് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലയിലാണ് സംഭവം.അറസ്റ്റിലായ അഞ്ചുപേരും യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ്. തന്റെ ഭർത്താവിന് മേൽ എന്തെങ്കിലും ദുരാചാരം പ്രയോഗിച്ചിട്ടുണ്ടെന്നും സമാധാനം വീണ്ടെടുക്കാൻ അവൾ ചില ആചാരങ്ങളുടെ ഭാഗമാകണമെന്നും പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾ 2018 ഏപ്രിൽ മുതൽ യുവതിയുടെ വീട്ടിൽ പതിവായി വരാൻ തുടങ്ങി. യുവതി തനിച്ചായിരിക്കുമ്പോൾ ആചാരങ്ങൾ നടത്തുമായിരുന്നു. തുടർന്ന് പഞ്ചാമൃതം എന്ന് വിളിക്കുന്ന പാനീയം നൽകി യുവതിയെ ബലാത്സംഗം ചെയ്യും.
ഭർത്താവിന് സമാധാനവും ഐശ്വര്യവും സുസ്ഥിരമായ സർക്കാർ ജോലിയും ഉറപ്പുനൽകുന്ന വിവിധ ആചാരങ്ങൾക്കായാണ് യുവതിയിൽ നിന്ന് സ്വർണവും പണവും പ്രതികൾ തട്ടിയെടുത്തത്.
2019-ൽ താനെയിലെ യൂർ വനത്തിലും പിന്നീട് കാണ്ടിവാലിയിലെ മുഖ്യപ്രതിയുടെ മഠത്തിലും ലോണാവാലയിലെ റിസോർട്ടിലും വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. 2.10 ലക്ഷം രൂപയും സ്വർണവും അവർ കൈക്കലാക്കി.
യുവതി പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘം രവീന്ദ്ര ഭാട്ടെ, ദിലീപ് ഗെയ്ക്വാദ്, ഗൗരവ് സാൽവി, മഹേന്ദ്ര കുമാവത്, ഗണേഷ് കദം എന്നിവരെ അറസ്റ്റ് ചെയ്തു.