തൊടുപുഴ: ലോക വനിതാദിനത്തിൽ പോലും ബസിൽ സുരക്ഷയില്ലാതെ സ്ത്രീത്വം. സ്വകാര്യ ബസിൽ യാത്ര ചെയ്ത കോളജു വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവിനെ പെണ്‍കുട്ടി തന്നെ പോലീസിനെ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുപ്പിച്ചു.
തനിക്കു കോളജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ തിരികെ വരും വരെ പ്രതിയെ വിടരുതെന്നും കർശന നടപടിയെടുക്കണമെന്നും നിർദേശം നൽകിയാണ് വിദ്യാർഥിനി കോളജിലേക്ക് പോയത്. തിരികെയെത്തി സംഭവത്തിൽ കേസെടുക്കണമെന്ന് കർശനമായി പറഞ്ഞെങ്കിലും ശല്യക്കാരനായ യുവാവിന്റെ ബന്ധുക്കൾ നടത്തിയ അഭ്യർഥനയെ തുടർന്നു പിൻമാറി.
എന്നാൽ വനിത ദിനത്തിൽ വനിതയ്ക്കു നേരെ നടന്ന അതിക്രമമായതിനാൽ പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തു. വാഴക്കുളത്തെ പൈനാപ്പിൾ മാർക്കറ്റിലെ സ്ഥാപനത്തിൽ ജോലിക്കാരനായ ഉടുന്പന്നൂർ കരോട്ടുചക്കുങ്കൽ ഷിന്റോ (40) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു സംഭവം. വണ്ണപ്പുറം തൊടുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ തൊമ്മൻകുത്തിൽ നിന്നാണ് ബിരുദ വിദ്യാർഥിനി കയറിയത്. ബസിൽ യുവാവ് ശല്യം തുടങ്ങി.
താക്കീതു നൽകിയെങ്കിലും ശല്യം തുടർന്നതോടെ മങ്ങാട്ടുകവലയിൽ ബസ് നിർത്തിച്ചു നാട്ടുകാരെ വിവരമറിയിച്ചു. പിന്നീട് പോലീസിനെ വിളിച്ചു വരുത്തി. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയോടൊപ്പം പെണ്‍കുട്ടിയും സ്റ്റേഷനിലെത്തി.
കോളജിൽ പോകേണ്ട സമയമായതിനാൽ തിരികെ വന്ന് പരാതി നൽകാമെന്നറിയിച്ചു പെണ്‍കുട്ടി വിദ്യാലയത്തിലേക്കു പോയി. ഇതിനിടെയാണ് സംഭവമറിഞ്ഞ് ശല്യക്കാരനായ വ്യക്തിയുടെ വീട്ടുകാർ സ്റ്റേഷനിലെത്തിയത്. വിദ്യാർഥിനിയുടെ രക്ഷിതാക്കളെയും പോലീസ് വിളിച്ചു വരുത്തി.
തുടർന്ന് ഇവരോട് പ്രതിയുടെ വീട്ടുകാർ നടത്തിയ അഭ്യർഥനയെത്തുടർന്ന് പെണ്‍കുട്ടി പോലീസിനു രേഖാമൂലം പരാതി നൽകിയില്ല. ഒടുവിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് വനിത ഹെൽപ്പ്ലൈൻ എസ്ഐ എൻ.എൻ. സുശീല അറിയിച്ചു.