പത്തനംതിട്ട: കുടുംബശ്രീ നീതം 2018 ജില്ലാതല പരിപാടിയോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ 800 കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ മക്കളെക്കൊണ്ട് സ്ത്രീധനം വാങ്ങിപ്പിക്കില്ല എന്ന് പ്രതിജ്ഞ എടുത്തു. സ്ത്രീയും വരുമാനവും: തദ്ദേശസ്വയംഭരണ പദ്ധതി നടപ്പിൽ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. സാബിർ ഹുസൈൻ, ആധുനിക യുഗത്തിൽ കുടുംബ ബന്ധങ്ങളുടെ പ്രസക്തിഎന്ന വിഷയത്തിൽ മനഃശാസ്ത്ര ചിന്തകൻ പി.ആർ. ബിജു ചന്ദ്രൻ, കുട്ടികളിലെ കാൻസർ എന്ന വിഷയത്തിൽ ശ്രുതി കിരണ്‍ എന്നിൽ സെമിനാറുകൾ നയിച്ചു.
കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് വന്ന വനിതകളുടെ അനുഭവങ്ങൾ പങ്കുവച്ച് കുടുംബശ്രീ പ്രതിധ്വനി ടെഡ് ടോക്ക് ഷോ ജില്ലാതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ അന്പിളി കുന്പഴ, പ്രസന്ന കുമാരി ഏനാദിമംഗലം എന്നിവർ വിജയികളായി.
വനിതാദിനാഘോഷം ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്നേഹിത തിയറ്റർ ആഡ് പ്രകാശനവും മുഖ്യപ്രഭാഷണവും ജില്ലാ കളക്ടർ ആർ . ഗിരിജ നിർവഹിക്കും.
ഈ സാന്പത്തിക വർഷത്തിലെ പത്തിന കർമപരിപാടി ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. സാബിർ ഹുസൈൻ അവതരിപ്പിക്കും. നീതം 2018 ജില്ലാതല റിപ്പോർട്ട് അവതരണവും രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത സിനിമ യുടെ പ്രദർശനവും നടക്കും.