കൊച്ചി: പൊന്നുരുന്നിയിലെ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളി കാമറ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ഫോണുകള്‍ വിശദമായ പരിശോധനയ്ക്കായി ഉടന്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. വീട്ടുടമയുടെയും ഭാര്യയുടെയുമാണ് മൊബൈല്‍ഫോണുകള്‍.
സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ കാമറ ഓണ്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടികള്‍ കണ്ടതെന്ന് പോലീസ് പറയുന്നു.
എക്സ്ഹോസ്റ്റ് ഫാനിനിടയിലാണ് കാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും കാമറ അപ്രത്യക്ഷമായിരുന്നു. ഫോണ്‍ പിന്നീട് കണ്ടെത്താനായിട്ടില്ല. അതേസമയം ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരേ പെണ്‍കുട്ടികള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് മൂന്നു മൊബൈല്‍ഫോണുകള്‍ കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക പരിശോധനയില്‍ ഫോണുകളില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷ് പറഞ്ഞു. വിശദമായ പരിശോധയ്ക്കായാണ് മൊബൈല്‍ഫോണുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.