ഗാസിയാബാദ്: വീട്ടിലെ പൈപ്പിനുള്ളില്‍നിന്ന് ആറു മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണു സംഭവം. ശുചിമുറിയിലെ പൈപ്പ് ബ്ലോക്കായതിനെത്തുടര്ന്ന് അറ്റകുറ്റപ്പണികൾക്കായി പൈപ്പ് പൊട്ടിച്ചപ്പോഴാണ് വീട്ടുടമ ദേവേന്ദ്ര ഭ്രൂണം കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഇന്ദിരപുരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ദേവേന്ദ്ര വാടകയ്ക്കു നൽകുന്ന വീടാണിത്. ഒമ്പതു പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതായും ഭ്രൂണം വിശദ പരിശോധനയ്ക്കു അയച്ചതായും പോലീസ് വ്യക്തമാക്കി. ഡിഎൻഎ പരിശോധനാഫലം ലഭ്യമായശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.