ലാഹോര്‍: തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കപ്പെട്ട പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ മോചിപ്പിച്ചു. അഞ്ചുമാസം മുമ്പാണു ഫറാ ഷഹീനെ തട്ടിക്കൊണ്ടുപോയത്.
നിർബന്ധിത മതപരിവര്ത്തനത്തിനുവിധേയാക്കിയശേഷം പെണ്‍കുട്ടിയെ നാല്പത്തിയഞ്ചുകാരനായ ഒരാൾ വിവാഹം കഴിച്ചു.
സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ ഫൈസലാബാദ് ജില്ലാ കോടതിയില്‍ പോലീസ് ഹാജരാക്കി. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റാൻ കോടതി ഉത്തവിട്ടു.
പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കാല്പാദത്തിലും മുട്ടിലും മുറിവുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
അഹമ്മദാബാദില്‍നിന്ന് ജൂണ്‍ 25 ന് മൂന്നു മുസ്ലിംകള് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും 45 കാരനായ ഖൈസര്‍ അഹമ്മദ് പെണ്‍കുട്ടിയെ ഇസ്ലാമിലേക്കു മതം മാറ്റി വിവാഹം കഴിച്ചെന്നും മാതാപിതാക്കൾ പോലീസ് നൽകിയ പരാതിയിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലുയർന്ന പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടപെട്ടിരുന്നു.