പത്തനംതിട്ട: തന്നെ പോക്സോ കേസിൽ പ്രതിയാക്കിയ ഭാര്യയെയും മകളെയും തന്റെ ഉടമസ്ഥതതയിലുള്ള വീട്ടിൽ നിന്നും ഇറക്കി വിടണമെന്ന ഭർത്താവിന്റെ ആവശ്യം മനുഷ്യാവകാശ കമ്മീഷൻ തള്ളി.
പരാതിക്കാരൻ ഉന്നയിക്കുന്നത് സ്വത്ത് സംബന്ധിച്ച തർക്കമായതിനാൽ സിവിൽ കോടതിയിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ നെടുമൺ സ്വദേശി കമ്മീഷനെ സമീപിച്ചത്.
താൻ പോക്സോ കേസിൽ പ്രതിയായിരുന്നെന്നും കോടതി തന്നെ വെറുതെ വിട്ടെന്നും പരാതിയിൽ പറയുന്നു.
കേസിന് കാരണക്കാരിയായ “ഭാര്യയെ വീട്ടിൽ നിന്നിറക്കണമെന്നാണാവശ്യം. കമ്മീഷൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി.
പരാതിക്കാരന്റെ ഇരയായ മകൾ തിരുവല്ലയിലെ ഭിന്നശേഷിക്കാരെ പാർപ്പിക്കുന്ന സ്ഥലത്താണ് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഇത്. ഇരയായ മകൾ വീട്ടിൽ വരുന്ന സന്ദർഭങ്ങളിൽ പ്രതിയാക്കപ്പെട്ട പരാതിക്കാരൻ വീട്ടിൽ ഉണ്ടാകുന്നതിനോട് പരാതിക്കാരന്റെ ഭാര്യക്ക് എതിർപ്പുണ്ട്.
സമാന സംഭവങ്ങൾ ഇനിയുമുണ്ടാകുമെന്ന കാരണത്താൽ പരാതിക്കാരൻ വീട്ടിൽ താമസിക്കുന്നത് ഉചിതമല്ലെന്ന് തങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തനിക്കെതിരെ കേസു കൊടുത്തവരെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചു.
66 വയസ് കഴിഞ്ഞ തന്നെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.