മുളകുപൊടി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഏഴു മണിക്കൂര്‍ ബന്ദിയാക്കിയ സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. കോഴിക്കോട് നാദാപുരത്തെ റൂബിയന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മുമ്പും മോഷണം നടത്തിയെന്നു എഴുതി വാങ്ങാന്‍ ശ്രമിക്കുകയും അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും കള്ളിയെന്ന് എഴുതി ഫോട്ടോയെടുത്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്തുമണിയോടെ സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പയറും ഉള്ളിയും കടലയും പച്ചക്കറിയും വാങ്ങി. പച്ചക്കറിയ്ക്കൊപ്പം കുറച്ച മുളകും വാങ്ങി. ഇത് ബില്ലാക്കി ഇറങ്ങുന്നതിനിടയില്‍ യുവതിയെ അകത്തേക്ക് വിളിക്കുകയും മുളക് ബില്ലാക്കിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഉള്ളിലെ കാമറയില്‍ ദൃശ്യം കണ്ടെന്ന് പറഞ്ഞായിരുന്നു അകത്തേക്ക് വിളിച്ചത്.
പിന്നീട് ബാഗും ഫോണും പിടിച്ചുവെച്ച് ആളില്ലാത്ത മുറിയില്‍ പിടിച്ചുവെച്ചു. പിന്നീട് വെള്ളപേപ്പറും പേനയും നല്കി പല തവണയായി ബില്ലില്ലാതെ ഇവിടെ നിന്നും സാധനം എടുത്തു എന്നെഴുതാന്‍ പറയുകയും ചെയ്തു. അത് ചെയ്യാതെ ഇരുന്നതോടെ ആക്രമിച്ചെന്നും പരാതിയിലുണ്ട്. യുവതിയുടെ ഫോണ്‍ പിടിച്ചുവെച്ച ജീവനക്കാരന് ഫോട്ടോ മൊബൈലില്‍ എടുത്തു സമ്മതിച്ചില്ലെങ്കില്‍ കള്ളി എന്നെഴുതി വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇടുമെന്നും ബഹളം വെച്ചാല്‍ ഒരു മിനിറ്റു കൊണ്ട് ലോകം മുഴൂവന്‍ ഇത് കാണുമെന്നും പറഞ്ഞു.
പേടിച്ച് വാപൊത്തി നിന്നെന്നും ഗള്‍ഫിലുള്ള ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ ഇത് കാണാന്‍ ഇടയായാല്‍ ഉണ്ടാകുന്ന നാണക്കേട് ഓര്‍ത്താണ് മിണ്ടാതിരുന്നതെന്നും പറഞ്ഞു. അശ്ളീല ചുവയോടെ സംസാരിച്ചതായും ഇവര്‍ ആരോപിച്ചു. തൈറോയിഡിന് ഗുളിക കഴിക്കുന്ന ആളാണ് താനെന്നും ചായപോലും കുടിക്കാതെയാണ് വന്നതെന്നും വെള്ളം തരാമോയെന്നും യുവതി ചോദിച്ചു. സല്ക്കരിക്കാന് കൊണ്ടുവന്നതല്ലയെന്നും വീട്ടില്‍ പോയി കുടിച്ചാല്‍ മതിയെന്നും സമദ് അക്ഷേപിച്ചു.
കുട്ടികള്‍ സ്കൂളില്‍ പോയില്ലെ, അവിടെ പോയാ പിന്നെ കാര്യങ്ങള്‍ എളുപ്പമല്ലെ എന്നും ആക്ഷേപിച്ചു. തലചുറ്റി ഇരുന്നുപോയെന്നും പറഞ്ഞു. അതേസമയം യുവതിയെ പിടിച്ചുവെച്ചിട്ടില്ലെന്നും മോഷണം നടത്തിയെന്ന് മനസ്സിലായപ്പോള്‍ ഓഫീസില്‍ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കടയുടമ പറയുന്നത്. മോഷണം എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ല എന്ന ചോദ്യത്തിത കടയുടമയ്ക്ക് ഉത്തരവുമില്ല.