കൈയ്യില്‍ പണമില്ലാതെ ഓട്ടോയില്‍ കയറിയ യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് നാലുമണിക്കൂര്‍. ബസിനു പോകാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതിയാണ് താരം.
ഓട്ടോ ഡ്രൈവര്‍ പണം ചോദിച്ചപ്പോള്‍ യാത്രാമധ്യേ ഇറങ്ങി മുങ്ങിയ യുവതിയെ നാട്ടുകാര്‍ പോാലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പറഞ്ഞുവിട്ടു.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരി ഓട്ടോറിക്ഷയില്‍ കയറിയത്. മലപ്പുറത്ത് ബന്ധുവീട്ടില്‍ പോകണമെന്നു പറഞ്ഞ് കയറിയ യുവതി കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്നും ചില്ലറയില്ലെന്നും പറഞ്ഞു.
അതിനിടെ ജ്യൂസ് വാങ്ങിത്തരണമെന്ന് പറഞ്ഞതോടെ വഴിയില്‍ നിര്‍ത്തി ഓട്ടോഡ്രൈവര്‍ ജ്യൂസും വാങ്ങി നല്‍കി. ചങ്ങരംകുളത്ത് എത്തിയതോടെ ഓട്ടോയില്‍ ഡീസല്‍ തീര്‍ന്നു.
ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതും അവര്‍ ഫോണ്‍ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്നുനീങ്ങുകയായിരുന്നു. ഇതു കണ്ട് ടൗണിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ഡ്രൈവറോടു കാര്യം തിരക്കി.
പന്തികേട് തോന്നിയതോടെ നാട്ടുകാര്‍ യുവതിയെ തടഞ്ഞുനിര്‍ത്തി. കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കൈയില്‍ പണമില്ലെന്നറിയുന്നത്. ഒടുവില്‍ നാട്ടുകാര്‍ യുവതിയെ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസുകാര്‍ ചോദ്യംചെയ്തതോടെ യുവതി കാര്യം പറഞ്ഞു.
വീട് കണ്ണൂരില്‍ ആണ്.ഭര്‍ത്താവ് മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുന്നതുകൊണ്ട് മലപ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്കു പോകാനിറങ്ങിയതാണ്. അവിടെ എത്തി അവരുടെ കൈയില്‍നിന്നു പണം വാങ്ങി ഓട്ടോക്കാരനെ പറഞ്ഞുവിടാമെന്നാണ് കരുതിയതെന്നും യുവതി പറഞ്ഞു.
പോലീസ് കണ്ണൂരിലെ വീട്ടുകാരെ വിളിച്ചപ്പോള്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി ഒപ്പം പറഞ്ഞുവിടാനായിരുന്നു മറുപടി. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ദത്തിനു വഴങ്ങി യുവതി ഭര്‍ത്താവിനൊപ്പം മടങ്ങി.