വൈക്കം: അന്യസമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിനെ തുടർന്ന് നാടുവിട്ട യുവതി സർട്ടിഫിക്കറ്റുകൾ എടുക്കാൻ ഭർത്താവിനേയും സുഹൃത്തിനേയും കൂട്ടി വീട്ടിലെത്തിയപ്പോൾ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി.
സംഭവത്തിൽ പോലീസ് ഇന്നു മൊഴിയെടുക്കും.
ചെമ്മനത്തുകര പട്ടരപറന്പിൽ ശങ്കരനാരായണൻ (25), ഭാര്യ അതുല്യ (26) ഇവരുടെ ആറു മാസം പ്രായമായ കുഞ്ഞ്, ശങ്കരനാരായണന്റെ സുഹൃത്ത് റിൻഷാദ് എന്നിവർക്കാണ് മർദനമേറ്റത്.
ശനിയാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം.
രണ്ടു വർഷം മുന്പാണ് അതുല്യയും ശങ്കരനാരായണനും പ്രണയിച്ചു വിവാഹിതരായത്. ഇരുവരേയും അതുല്യയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി വരികയായിരുന്നു.
വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തെത്തി ശങ്കരനാരായണൻ ജോലിയ്ക്കു പോകുന്നതും വരുന്നതും തന്റെ ബന്ധുക്കൾ നിരീക്ഷിച്ചതോടെ വാടക വീട് ഉപേക്ഷിച്ചു മറ്റൊരിടത്ത് പ്രാണരക്ഷാർഥം ഒളിച്ചു താമസിക്കുകയായിരുന്നതായി യുവതി പറഞ്ഞു.
എംകോം വരെ പഠിച്ച സർട്ടിഫിക്കറ്റുകളെല്ലാം വീട്ടിലായതിനാൽ തൊഴിലിനായി അപേക്ഷ അയക്കാൻ സർട്ടിഫിക്കറ്റ് വേണമെന്നു വീട്ടുകാരോട് പറഞ്ഞു.
വീട്ടിൽ വന്നെടുക്കാൻ പറഞ്ഞതനുസരിച്ച് എത്തിയപ്പോൾ പിതാവും സഹോദരനും സഹോദരന്റെ മകനും പിതാവിന്റെ സുഹൃത്തുക്കളുമടക്കം പത്തോളം പേർ ചേർന്നു തങ്ങളെ ആക്രമിക്കുകയായിരുന്നതായി ശങ്കരനാരായണനും അതുല്യയും പറഞ്ഞു.
അതുല്യയുടെ താലിമാലയും കുഞ്ഞിന്റെ മാലയും മർദ്ദനത്തിനിടയിൽ ബന്ധുക്കൾ പൊട്ടിച്ചെടുത്തതായും ദന്പതികൾ ആരോപിച്ചു. മർദ്ദനമേറ്റ കുഞ്ഞടക്കം നാലുപേരും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
ദന്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ദന്പതികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രതികൾക്കു നേരേ നടപടിയെടുക്കും.