ലക്നൗ: സോഷ്യല്‍ മീഡിയയില്‍ കാണുന്ന സംഭവങ്ങളുടെ അതിരു കടന്ന അനുകരണങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. യൂട്യൂബ് വീഡിയോ കണ്ട് രഹസ്യമായി പ്രസവിക്കാന്‍ ശ്രമിച്ച യുവതിയും നവജാത ശിശുവും ദാരുണമായി മരണപ്പെട്ടു.പിറന്നു വീഴും മുന്‍പേയായിരുന്നു ആ കുരുന്നിന്റെ ദാരുണാന്ത്യം. പരസഹായമില്ലാതെ പ്രസവിക്കാന്‍ ടെക്നോളജിയുടെ നൂതന വശങ്ങള്‍ തേടിയതാണ് യുവതിയെ ഈ മഹാപാതകത്തിലേക്ക് നയിച്ചത്. ഗോരഖ്പുരിലെ ബിലന്ദ്പുരിലെ വാടക മുറിയില്‍ ഞായറാഴ്ച രാത്രിയാണ് അവിവാഹിതയായ യുവതി ആരുമറിയാതെ പ്രസവിക്കാന്‍ ശ്രമിച്ചത്.
26 കാരിയായ യുവതി നാലു ദിവസം മുന്‍പാണ് മുറി വാടകയ്ക്കെടുത്തത്. പ്രസവ ശുശ്രൂഷയ്ക്ക് അമ്മ വരുമെന്നാണു വീട്ടുടമയോടു പറഞ്ഞിരുന്നത്. തിങ്കളാഴ്ച രാവിലെ മുറിയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകിവരുന്നതു കണ്ട് അയല്‍വാസികള്‍ വീട്ടുടമയെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മുറിയില്‍ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
യുവതി അവിവാഹിതയാണ്. മാനഹാനി ഭയന്നാവും ആരുമറിയാതെ പ്രസവിക്കാന്‍ ശ്രമിച്ചതെന്ന് കന്റോണ്‍മെന്റ് പോലീസ് എസ്എച്ച്ഒ രവി റായ് പറഞ്ഞു. മൃതദേഹത്തിനു സമീപം കത്രിക,ബ്ലേഡ്,നൂല്‍ തുടങ്ങിയ വസ്തുക്കളും കണ്ടെത്തി. പരസഹായമില്ലാതെ പ്രസവിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ ഇവര്‍ യൂട്യൂബില്‍ ഒട്ടേറെ തവണ കണ്ടിട്ടുള്ളതായി ഇവരുടെ സ്മാര്‍ട്ട് ഫോണ്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.