കാഞ്ഞങ്ങാട്: പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനെത്തുടർന്നു പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ ഡോക്ടറെ പീഡനത്തിനിരയായ യുവതി കൈയേറ്റം ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ വളപ്പിലാണ് നാടകീയരംഗം അരങ്ങേറിയത്.
കാഞ്ഞിരപ്പൊയിൽ സ്വദേശിനിയാണ് കഥാനായിക. ഡോക്ടറുടെ ഇരിയയിലെ ക്ലിനിക്കിലെത്തിയപ്പോൾ മുതലുണ്ടായ ബന്ധത്തിൽ യുവതിയെ ഡോക്ടർ പലതവണ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.
ഒരു വർഷത്തോളം പല സ്ഥലങ്ങളിൽ വച്ചും പീഡിപ്പിച്ച് ഒടുവിൽ ഗർഭിണിയായപ്പോൾ ഗർഭം അലസിപ്പിക്കുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു ഒടുവിൽ ഡോക്ടർ ഉപേക്ഷിച്ചപ്പോഴാണ് യുവതി രാജപുരം പോലീസിൽ പരാതി നൽകിയത്.
ഈ സമയം ഡോക്ടർ പനത്തടി പഞ്ചായത്തിലെ ഡിസ്പൻസറിയിൽ ജോലി നോക്കുകയായിരുന്നു. കേസെടുത്തപ്പോഴേക്കും ഡോക്ടർ ഉപരിപഠനത്തിനു പോയിരുന്നു. എല്ലാ ആഴ്ചയിലും ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയിൽ ഡോക്ടർ മുൻകൂർ ജാമ്യം നേടി. ഇതുപ്രകാരം സ്റ്റേഷനിലെത്തിയപ്പോഴാണ് യുവതിയുടെ പരാക്രമം.
യുവതി ബഹളം വച്ച് ചെരിപ്പു കൊണ്ട് അടിക്കുകയും കൈയിൽ കടിക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ വനിതാ പോലീസുകാരാണ് യുവതിയെ അക്രമത്തിൽ നിന്നു പിന്തിരിപ്പിച്ചത്. തന്റെ കേസിൽ ഡോക്ടറെ ഒഴിവാക്കിയെന്ന തെറ്റിദ്ധാരണയാണ് പരാക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
എന്നാൽ പോലീസ് സ്റ്റേഷനിലെത്തിയ ഡോക്ടറെ കൈയേറ്റം ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഡോക്ടറുടെ പരാതിയിലാണ് കാഞ്ഞിരപ്പൊയിൽ സ്വദേശിനിയായ യുവതിക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.