കോവിഡ് ബാധിക്കുമെന്ന ഭീതിയാല് മൂന്നുവര്ഷമായി വീട്ടില് നിന്നു പുറത്തിറങ്ങാതെ വാതില് അടച്ചിരുന്ന അമ്മയെയും മകനെയും രക്ഷിച്ച് പോലീസും ആരോഗ്യവിഭാഗവും.
33 വയസുള്ള യുവതിയെയും 10 വയസുകാരന് മകനെയുമാണ് രക്ഷിച്ചത്. ഹരിയാന ഗുരുഗ്രാമിലെ ചക്കര്പൂര് മേഖലയിലാണ് സംഭവം.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ആരോഗ്യവിഭാഗം, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും ചേര്ന്നാണ് വീടിന്റെ മുന്വശത്തെ വാതില് പൊളിച്ച് അകത്ത് കയറി ഇരുവരെയും രക്ഷിച്ചത്.
ഇരുവരെയും ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്ത്രീ മാനസിക വെല്ലുവിളി നേരിടുന്നതായി ഡോക്ടര്മാര് പറയുന്നു.
കഴിഞ്ഞദിവസം മുന്മുന് മജ്ഹിയുടെ ഭര്ത്താവ് സുജന് മജ്ഹി പൊലീസ് സ്റ്റേഷനില് എത്തി കാര്യങ്ങള് വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കോവിഡ് ആദ്യം പിടിപെട്ട 2020ല് പ്രഖ്യാപിച്ച ആദ്യ ലോക്ക്ഡൗണില് നിയന്ത്രണങ്ങളില് ഇളവുകള് പ്രഖ്യാപിച്ചതിനെ തുടര്ന്ന് ഭര്ത്താവ് ഓഫീസില് പോകാനായി വീട്ടില് നിന്ന് പുറത്തിറങ്ങി.
അതിന് ശേഷം കഴിഞ്ഞ മൂന്ന് വര്ഷമായി തന്നെ ഭാര്യ വീട്ടില് കയറ്റിയിട്ടില്ലെന്ന് സുജന് മജ്ഹി പറയുന്നു.
ആദ്യ ദിവസങ്ങളില് കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീട്ടിലാണ് കഴിഞ്ഞത്.
ഭാര്യയെ പിന്തിരിപ്പിക്കാന് നോക്കി പരാജയപ്പെട്ടതോടെ, പിന്നീടുള്ള ദിവസങ്ങള് താമസം വാടക വീട്ടിലേക്ക് മാറ്റിയതായും സുജന് മജ്ഹി പറയുന്നു.
വീഡിയോ കോള് മാത്രമായിരുന്നു ഭാര്യയെയും മകനെ ബന്ധപ്പെടാന് ഉണ്ടായിരുന്ന ഏക പോംവഴി. കഴിഞ്ഞ മൂന്ന് വര്ഷം മകന് സൂര്യപ്രകാശം പോലും കണ്ടിട്ടില്ല.
കോവിഡിനെ ഭയന്ന് കഴിഞ്ഞ മൂന്ന് വര്ഷ കാലയളവില് പാചകവാതകവും ശേഖരിച്ചുവെച്ച വെള്ളവും പോലും ഉപയോഗിച്ചില്ലെന്നും പോലീസ് പറയുന്നു.