പേരൂർക്കട: റോഡരികിൽക്കണ്ട സ്ത്രീകൾക്കൊപ്പമിരുന്ന് മദ്യപിച്ച് ലക്കുകെട്ടു നടന്ന സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ തന്പാനൂർ പോലീസ് എത്തി രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി 10.30നു പവർഹൗസ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റിനു മുന്നിലായിരുന്നു സംഭവം. രണ്ടുദിവസമായി വീട്ടുകാരുമായി പിണങ്ങി ഇറങ്ങിത്തിരിച്ച വിഴിഞ്ഞം സ്വദേശിനിയായ മുപ്പതുകാരിയിൽ കാരിയിൽ നിന്നാണ് പോലീസ് കുഞ്ഞിനെ രക്ഷിച്ചത്. നാട്ടുകാർ വിവരമറിയിച്ച് പോലീസ് എത്തുന്പോൾ യുവതിയുടെ ഒപ്പമിരുന്ന് മദ്യപിക്കുകയായിരുന്ന മറ്റുസ്ത്രീകൾ ഓടിരക്ഷപ്പെട്ടു.
എന്നാൽ കൈവശം കുഞ്ഞുണ്ടായിരുന്നതിനാൽ യുവതിക്കു രക്ഷപെടാനായില്ല. തന്പാനൂർ സിഐ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്ഐ അൻസാരി, പോലീസുകാരായ പ്രകാശ്, വിനോദ്, ശ്രീനാഥ്, ഷീബ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് യുവതി മദ്യപിച്ചതായി അറിയുന്നത്.
തുടർന്ന് യുവതിയെയും കുഞ്ഞിനെയും സ്റ്റേഷനിലേക്കും പിന്നീട് തിരുവനന്തപുരത്തെ വനിതാ സംരക്ഷണകേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് പോലീസ് ഇവരുടെ ബന്ധുക്കളെ വരുത്തിയശേഷം ഇരുവരെയും ബന്ധുക്കൾക്കു കൈമാറി.