യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ എന്തൊക്കെ ചെയ്യാനും വ്ലോഗർമാർ തയാറാണ്. അത്തരത്തിൽ യുഎസിൽ നിന്നുള്ള ഒരു യുവതി ചെയ്ത ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലൈവായി മൃഗങ്ങളെ പീഡിപ്പിച്ച് കൊന്നതിന് അറസ്റ്റിലായിരിക്കുകയാണ് പെൻസിൽവാനിയയിൽ നിന്നുള്ള അനിഗർ മോൻസി (28). തന്റെ യൂട്യൂബ് ചാനലിൽ ആളുകളെ കൂട്ടാൻ വേണ്ടിയാണ് യുവതി ഇത്തരത്തിൽ മൃഗങ്ങളെ ലൈവായി കൊന്നത്.
കോഴി, പ്രാവ്, മുയൽ, തവള എന്നിവയെയാണ് അവൾ ലൈവായി കൊന്നത്. ഇതിന്റെ നാല് ലൈവ് സ്ട്രീം വീഡിയോകളും സ്വന്തം യൂട്യൂബ് ചാനലിൽ അവൾ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അനിഗറിനെതിരെ കേസെടുത്തത്.
20,000 സബ്സ്ക്രൈബർമാരാണ് അവൾക്കുണ്ടായിരുന്നത്. പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്നും അവൾ അഭ്യർഥിച്ചു.
യുവതി പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് ‘കുക്കിംഗ് ലക്കി’ എന്നായിരുന്നു. അതിൽ ഒരു കോഴിയെ കൊല്ലുന്നതാണ് കാണിച്ചിരുന്നത്. അവിടെ നിന്നും രക്ഷപ്പെടാൻ കോഴി ശ്രമിക്കുന്നുമുണ്ട് . കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിന് തൊട്ടുമുമ്പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ആഗ്രഹിക്കുന്ന അത്രയും കാഴ്ചക്കാരുണ്ടാകുന്നത് വരെ അവൾ കോഴിയെ കൊല്ലാതെ പീഡിപ്പിച്ച് രസിച്ചു. ആഗ്രഹിച്ചിരുന്ന അത്രേയും കാഴ്ചക്കാരായ ശേഷമാണ് അവൾ കോഴിയെ കൊന്നത്. ഒട്ടും മൂർച്ചയില്ലാത്ത കത്തിയെടുത്ത് ഇഞ്ചിഞ്ചായി ക്രൂരമായിട്ടാണ് അവൾ മുയലിനെ കൊന്നത്. നിരവധി തവളകളെയും പ്രാവുകളെയും ഇതുപോലെ കൊന്നുവെന്നും പൊലീസ് പറയുന്നു.