കൊച്ചി: സിനിമാക്കാർക്കു വിതരണം ചെയ്യാനെത്തിച്ച ഹാഷിഷ് ഓയിൽ, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി യുവതി ഉൾപ്പെടെ രണ്ടുപേർ കൊച്ചിയിൽ പിടിയിൽ. പ്രതികൾ വാടകയ്ക്കു താമസിച്ചുവന്നിരുന്ന വീട് റെയ്ഡ് ചെയ്താണു ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
മരട് പോലീസ് സ്റ്റേഷനു കീഴിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച പരിശോധന അവസാനിച്ചതു രാത്രി ഏറെ വൈകി. പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ(23), കാസർഗോഡ് സ്വദേശി മുഹമ്മദ് ബിലാൽ(32) എന്നിവരാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്.
16 ഗ്രാം ഹാഷിഷ് ഓയിൽ, 13 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം കൊക്കൈയ്ൻ എന്നിവയ്ക്കു പമുറമെ എൽഎസ്ഡിയും കഞ്ചാവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലഹരിവസ്തുക്കൾ പരിശോധിച്ചുവരികയാണെന്നും എത്ര രൂപ വിലവരുന്നതാണെന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണു പ്രതികൾ വലയിലായത്.
ഗോവയിൽനിന്നു ശേഖരിക്കുന്ന ലഹരിവസ്തുക്കൾ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എത്തിച്ച് പ്രതികൾ വിതരണം നടത്തിയിരുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം മുഹമ്മദ് ബിലാൽ ഗോവയ്ക്കു പുറപ്പെട്ടതായ വിവരം പോലീസിനു ലഭിച്ചിരുന്നു. ഇതേത്തുടർന്നു നിരീക്ഷണം ശക്തമാക്കിയ പോലീസിനു ഇയാൾ മൂന്നാറിലെത്തിയതായും പിന്നീട് കൊച്ചിയ്ക്കു തിരിച്ചതായ വിവരം ലഭിച്ചു.
ഇതേത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ മൂന്നാർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയും കൊച്ചിയിൽ പനന്പിള്ളി നഗർ, കാക്കനാട് കേന്ദ്രീകരിച്ച് സിനിമാ മേഖലയിൽ വിൽപ്പന നടത്തിവരികയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു.